Kodiyathur

വരൾച്ച അതിരൂക്ഷം പുഴയിലെ സ്വകാര്യ തടയണകൾ പൊളിച്ചുനീക്കി

കൊടിയത്തൂർ : രൂക്ഷമായ വരൾച്ചയിൽ തോട്ടുമുക്കം പ്രദേശത്ത് വെള്ളം കിട്ടാതെ ജനം വലയുന്നു. ഈ സാഹചര്യംമൂലം മിക്കവാറും വരണ്ടുണങ്ങിയ ചെറുപുഴയിൽ അവിടവിടെ അല്പാല്പമായി ഉള്ള വെള്ളം സ്വകാര്യവ്യക്തികൾ കൃഷിക്കും മറ്റും എടുക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കിയ തടയണകൾ നാട്ടുകാർ പൊളിച്ചുനീക്കി. ഗ്രാമപ്പഞ്ചായത്ത് വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വീട്ടാവശ്യത്തിന് ഇത് തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ കുളിക്കാനും തുണിയലക്കാനുമൊക്കെ പുഴയിലെ വെള്ളം കുറച്ചാണെങ്കിലും വലിയ ഉപകാരമാണ്.

എന്നാൽ കൃഷി നനയ്ക്കാനും കോഴിഫാം പോലുള്ള സംരംഭങ്ങൾക്കും പമ്പുപയോഗിച്ച് വെള്ളമെടുക്കാൻ സ്വകാര്യ വ്യക്തികൾ പനമ്പിലാവ് മുതൽകുഴിനക്കിപ്പാറ പാലം വരെ പുഴയുടെ പല ഭാഗത്തും തടയണകൾ കെട്ടിവെള്ളം തടഞ്ഞുനിർത്തുന്നുണ്ട്. ഇതുമൂലം വെള്ളം താഴേക്കൊന്നും എത്താത്ത അവസ്ഥയിൽ ബാക്കി ഭാഗങ്ങൾ വരണ്ടുണങ്ങി കിടക്കുകയാണ്. ഇത്തരം ഏഴോളം തടയണകൾ നാട്ടുകാർ പൊളിച്ചുനീക്കി. ചില ഭാഗങ്ങളിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്നവിധം ഉണ്ടായിരുന്ന മണ്ണും കല്ലും നീക്കം ചെയ്തു.

Related Articles

Leave a Reply

Back to top button