ദേശീയ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അനുമോദനവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും ദേശീയ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അനുമോദനവും നൽകി. അക്കാദമിയുടെ എട്ട് കായിക താരങ്ങൾക്കാണ് ഈ വർഷത്തെ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് സെലക്ഷൻ ലഭിച്ചത്. ഈ പ്രതിഭകളെ പഞ്ചായത്ത് ഭരണാധികാരികളും മലബാർ സ്പോർട്സ് അക്കാദമിയും ചേർന്ന് പുല്ലൂരാംപാറ ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഗാർഡ് ഓഫ് ഓണറും സല്യൂട്ടും നൽകിയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്.
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ജോസ് മാത്യു അദ്ധക്ഷത വഹിച്ചു. കായിക താരങ്ങൾക്ക് ദേശീയ മീറ്റിലേക്ക് പോകുവാനുള്ള ചിലവിൽ ഒരാൾക്ക് വരുന്ന ചിലവ് തുകയായ മുപ്പതിനായിരം രൂപ ജില്ലാ സ്പോർട്സ് കൗൺസിൽ ഏറ്റെടുക്കുന്നതായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രഖ്യാപനം നടത്തി.







