ബുക്കിങ് തിരക്കൊഴിവാക്കി ഏഴു കൗണ്ടറുകൾ പ്രവർത്തികാൻ തീരുമാനം

കോഴിക്കോട്:കോഴിക്കോട് ഉൾപ്പെടെ പാലക്കാട് ഡിവിഷനിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും ഐ.യു.ടി.എസ്. നിലവിൽവരുന്നു. ഇതിനായി ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി നിർദേശം നൽകി. നിലവിലുള്ള എല്ലാ കൗണ്ടറുകളിലും റിസർവേഷൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്ന ഇന്റഗ്രേറ്റഡ് അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റമാണ് നിലവിൽവരുന്നത്.
കോവിഡിനുമുമ്പ് പ്രതിദിനം നൂറോളം ട്രെയിനുകൾ കോഴിക്കോട് വഴി കടന്നുപോയിരുന്നു. ഇപ്പോൾ അതിൽ പകുതിയോളം ഓടാൻ തുടങ്ങി. ഇതുമൂലം തിരക്ക് ഗണ്യമായി വർധിച്ചു. കോവിഡ് നിബന്ധനകൾ പാലിച്ച് ടിക്കറ്റ് റിസർവ് ചെയ്യാൻ യാത്രക്കാർക്ക് കഴിയുന്നില്ല. ഇത് പരിഗണിച്ചും തിരക്ക് ഒഴിവാക്കാനുമാണ് ഡി.ആർ.എം. നിർദേശം നൽകിയത്. ഇത് നടപ്പാവുമ്പോൾ സ്റ്റേഷനിലെ ഏഴ് കൗണ്ടറുകളിലും ടിക്കറ്റ് ബുക്കു ചെയ്യാം. മുമ്പ് റിസർവേഷൻ ഇല്ലാതിരുന്ന കൗണ്ടറുകളിലും ഇതുവഴി റിസർവേഷൻ സൗകര്യം ലഭ്യമാവുകയാണ്. തിരക്കൊഴിവാക്കാൻ എല്ലാ അന്വേഷണ കൗണ്ടറുകളും ഇതോടൊപ്പം പ്രവർത്തിക്കാനും ഡി.ആർ.എം. നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂടുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി ഇവ തുറക്കും. ഡൽഹിയിലേക്ക് നാല്, ഗുജറാത്തിലേക്ക് നാല്, രാജസ്ഥാനിലേക്ക് രണ്ട്, മധ്യപ്രദേശിലേക്ക് രണ്ട്, പുണെയിലേക്ക് രണ്ട്, മഹാരാഷ്ട്രയിലേക്ക് രണ്ട് എന്ന ക്രമത്തിൽ ഇപ്പോൾ കോഴിക്കോട് വഴി പ്രതിവാരട്രെയിനുകൾ പോകുന്നുണ്ട്.
.കേരളത്തിലെയും തമിഴ്നാട്ടിലെയും 138 സ്റ്റേഷനുകളിൽ ഐ.യു.ടി.എസ്. നിലവിലുണ്ടായിരുന്നു. തിരുവനന്തപുരം ഡിവിഷനിൽ നേരത്തേതന്നെ സംവിധാനം നിലവിലുണ്ട്. പാലക്കാട് ഡിവിഷനിൽ ഇത് നിലവിൽവരുന്നത് യാത്രക്കാർക്ക് കോവിഡാനന്തരവും പ്രയോജനകരമാവും






