Kozhikode

മിന്നുകെട്ടിയ ശേഷം ആഘോഷങ്ങള്‍ ഒഴിവാക്കി തെരുവിലിറങ്ങി; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച് നവദമ്പതികളും

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രതിഷേധമറിയിച്ച് വിവാഹവേദിയില്‍ നിന്നും തെരുവിലിറങ്ങിയിരിക്കുകയാണ് നവദമ്പതികള്‍. ജസീര്‍-ലുബ്‌ന നവദമ്പതികളാണ് മിന്നുകെട്ടിന് ശേഷം പ്രതിഷേധത്തില്‍ പങ്കാളികളായത്.

കൊയിലാണ്ടി നന്തി സ്വദേശിയായ വരന്‍ ജസീര്‍ മൂടാടി, വധു ലുബ്‌നയെ മിന്നുകെട്ടി മറ്റു ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് കോഴിക്കോട് മൂടാടി പഞ്ചായത്തില്‍ നടത്തിയ ബഹുജന സംഘടനാ പ്രതിഷേധ പരിപാടിയില്‍ പങ്ക് ചേര്‍ന്നത്. പാലക്കുളം മുതല്‍ നന്തി വരെ അഞ്ച് കിലോമീറ്ററിലേറെ നീണ്ട റാലിയുടെ സമാപനത്തിലാണ് ദമ്പതികള്‍ അണിചേര്‍ന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ത്തി നടന്നുവരുന്ന ദമ്പതികളുടെ ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. നന്തിയിലെ പരേതനായ ടി.കെ അസൈനാരിന്റെയും നഫീസയുടെയും മകനാണ് ജസീര്‍. വില്യാപ്പള്ളിയിലെ ചീറ്റെക്കോത്ത് സി.സി ബഷീറിന്റെയും ഷമീമയുടെയും മകളാണ് ലുബ്‌ന.

Related Articles

Leave a Reply

Back to top button