Mukkam

ചരിത്രം കുറിച്ച് മുക്കം പാലിയേറ്റിവിന്റെ ” ബിരിയാണി ചലഞ്ച്”; 53 ,54,307 രൂപ മിച്ചം

മുക്കം: ”നിലച്ചുപോവരുത് പാലിയേറ്റീവ് കെയർ” എന്ന സന്ദേശവുമായി
മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ച് നാടിൻ്റെയും പ്രവാസികളുടെയും സ്നേഹകാരുണ്യ മികവിൽ ഉജ്ജ്വല വിജയമായി.

ഫെബ്രുവരി 20 നു നടന്ന പരിപാടിയിൽ നാടൊന്നാകെ കൈകോർത്തപ്പോൾ സ്നേഹ കരുതലിനൊപ്പം 53,54,307 രൂപ മിച്ചമായി സമാഹരിക്കാൻ കഴിഞ്ഞതായും സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൊത്തം 36048 ബിരിയാണിയാണ് ചലഞ്ചിലൂടെ ജനങ്ങളിലേക്കെത്തിച്ചത്. ഇതു വഴി 36,04,800 രൂപ ലഭിച്ചു. സംഭാവനയായി 25, 76,821 രൂപ വിവിധയിടങ്ങളിൽ നിന്നായി സമാഹരിച്ചു.

സമാന്തര ബിരിയാണി ചലഞ്ച് നടത്തി ജിദ്ദയിലെ മുക്കം ഏരിയ കൂട്ടായ്മ (മാക് ജിദ്ദ )5,55,555 രൂപയും ചേന്ദമംഗല്ലൂരിൻ്റെ യു. എ. ഇ. കൂട്ടായ്മ (സിയ യു.എ.ഇ).4,60,000 രൂപയും നൽകി പ്രവാസലോകത്തിൻ്റെ ആശ്വാസ തുരുത്തായി.18,42,869 രൂപയാണ് പരിപാടിയുടെ മുഴുവൻ ചെലവ്.

മറ്റെല്ലാ സാമ്പത്തിക ഇടപാടുകൾക്കും ശേഷം 53 ,54,307 രൂപ ബിരിയാണി ചലഞ്ച് വഴി ഗ്രെയ്സിനു ലഭിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ മുതൽക്കൂട്ടാവുകയെന്ന ലക്ഷ്യത്തിൽ ഗ്രെയ്സ് പാലിയേറ്റീവിൻ്റെ
ബിരിയാണി ചലഞ്ച് ഏറ്റെടുത്ത് വൻ വിജയമാക്കാൻ പ്രയത്നിച്ച മുഴുവൻ അംഗങ്ങൾക്കും ബിരിയാണി ചലഞ്ചിൻ്റെ പ്രചരണം തുടക്കം മുതൽ ഏറ്റെടുത്ത് ലോകത്തിൻ്റെ എല്ലാ കോണിലുമെത്തിക്കാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകർക്കും നന്ദിയറിയിച്ചു.

ചെയർമാൻ പി.കെ.ഷരീഫുദ്ദീൻ, ജനറൽ കൺവീനർ ബക്കർ കളർ ബലൂൺ, പബ്ലിസിറ്റി ചെയർമാൻ എ.സി. നിസാർ ബാബു, കൺവീനർ മുഹമ്മദ് കക്കാട്, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ടി.പി. അബൂബക്കർ, ഓൺലൈൻ മീഡിയ കൺവീനർ എൻ.ശശികുമാർ, യു നസീബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button