പൊടിയിൽമുങ്ങി; കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡുനിർമാണം

മുക്കം : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡുനിർമാണം ഇഴഞ്ഞുനീങ്ങുന്നതിനിടെ, വേനൽ കടുത്തതോടെ പൊടിയിൽമുങ്ങി തിരുവമ്പാടി നഗരം. പൊടിശല്യം രൂക്ഷമായതോടെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
2020 മാർച്ച് 20-ന് പ്രവൃത്തി പൂർത്തിയാക്കി സർക്കാരിന് കൈമാറേണ്ട നിർമാണപ്രവൃത്തിയാണ് ഇപ്പോഴും എങ്ങുമെത്താതെ നിൽക്കുന്നത്. 2018 സെപ്റ്റംബറിലാണ് കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചത്. ഒന്നരവർഷത്തിനകം നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കണം എന്നായിരുന്നു കരാർ.
എന്നാൽ, നിർമാണകാലാവധി കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും റോഡിന്റെ പ്രവൃത്തി എങ്ങുമെത്തിയില്ലെന്ന് വ്യാപാരികൾ പറയുന്നു.പ്രവൃത്തിയുടെ ഭാഗമായി ഡ്രെയ്‌നേജ് നിർമിക്കാൻ കടകൾക്കുമുന്നിലൂടെ കുഴിയെടുത്തതോടെ മാസങ്ങളോളം കച്ചവടമില്ലാതായി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഓവുചാൽ നിർമാണം പൂർത്തിയാക്കിയത്. കച്ചവടം ശരിയായിവരുന്നതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് വീണ്ടും അനാസ്ഥ തുടങ്ങിയതെന്ന് വ്യാപാരികൾ പറയുന്നു.
പൊടിശല്യം രൂക്ഷമായതോടെ കടയിലെ മിക്കസാധനങ്ങളും പൊടിയിൽമുങ്ങി. ഇതോടെ ആളുകൾ കടയിലേക്ക് വരാത്ത അവസ്ഥയായെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
എന്തുചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് തിരുവമ്പാടിയിലെ വ്യാപാരികൾ. പ്രശ്നം രൂക്ഷമായതോടെ ജോലിക്കാരെ പണിക്കുവെച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വീട് വൃത്തിയാക്കേണ്ട അവസ്ഥയിലാണ് റോഡിന് സമീപത്തെ വീട്ടുകാർ.
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ 300 മുതൽ 500 രൂപ വരെ കൂലിയായിനൽകിയാണ് മിക്ക വീട്ടുകാരും വീടുവൃത്തിയാക്കുന്നത്. വൃത്തിയാക്കി നിമിഷങ്ങൾക്കുള്ളിൽത്തന്നെ പഴയ രീതിയിലേക്ക് വീടിന്റെ ചുമരും നിറവും മാറും.







