Kozhikode

വെബ്സൈറ്റിന്റെ പ്രവർത്തന വേഗം കുറഞ്ഞു; ട്രഷറി ഇന്നലെയും സ്തംഭിച്ചു

കോഴിക്കോട്: വെബ്സൈറ്റിന്റെ പ്രവർത്തന വേഗം കുറഞ്ഞതോടെ ട്രഷറി പ്രവർത്തനം ഇന്നലെയും സ്തംഭിച്ചു. പെൻഷൻ വാങ്ങാനെത്തിയവർ കാത്തുനിന്നു നിരാശരായി മടങ്ങി. ജില്ലയിലെ എല്ലാ ട്രഷറികളിലും പ്രവർത്തനം മുടങ്ങി. പണം സ്വീകരിക്കൽ, ബില്ല് പാസാക്കൽ തുടങ്ങിയവയൊന്നും നടന്നില്ല. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഇന്നലെയും വെബ്സൈറ്റിന്റെ പ്രവർത്തന വേഗം കുറഞ്ഞതാണു പ്രശ്നമായത്.

രാവിലെ മുതൽ വേഗക്കുറവുണ്ടായിരുന്നു. ഉച്ചയ്ക്ക് 12ന് വേഗം തീർത്തും കുറഞ്ഞ് ഇടപാടു നടത്താൻ പറ്റാത്ത സ്ഥിതിയായി. പെ‍ൻഷൻ വാങ്ങാനെത്തിയ ഒട്ടേറെപ്പേർ വൈകിട്ടുവരെ കാത്തുനിന്നു മടങ്ങി. വൈകിട്ട് 5.30ന് സൈറ്റിന്റെ വേഗം സാധാരണ രീതിയിലായി. അപ്പോഴേക്കു പെൻഷൻ വാങ്ങാൻ എത്തിയവരും മറ്റു ഇടപാടുകൾക്കായി എത്തിയവരും പോയിരുന്നു.

സൈറ്റ് വേഗം ഇല്ലാത്തതിനാൽ ഇന്നലത്തെ ഇടപാടുകൾ ക്ലോസ് ചെയ്യാൻ ട്രഷറി ജീവനക്കാരും ഏറെ നേരം ഓഫിസിൽ ചെലവഴിക്കേണ്ടി വന്നു. സെർവറിന്റെ ശേഷിക്കുറവാണു വെബ്സൈറ്റ് പ്രവർത്തനം ഇഴയാൻ കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, ഇതിൽ ഒളിച്ചുകളി ഉണ്ടെന്നാണു ഗുണഭോക്താക്കൾ ആരോപിക്കുന്നത്. പണം നൽകുന്നതു പരമാവധി കുറയ്ക്കാൻ മനഃപൂർവം സൈറ്റ് വേഗം കുറയ്ക്കുകയാണെന്നാണ് ആക്ഷേപം.

ട്രഷറി നിയന്ത്രണത്തിന്റെ ആധുനിക രീതിയാണ് ഇപ്പോൾ നടക്കുന്നതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. പെൻഷൻ വിതരണം, മറ്റു ഇടപാടുകളിൽ പണം നൽകൽ തുടങ്ങിയവ ഉള്ള ദിവസങ്ങളിലാണു സൈറ്റിന്റെ വേഗം കുറയുന്നതെന്ന് ഇടപാടുകാർ പറയുന്നു. രാവിലെ കുറച്ചു നേരം സാധാരണ വേഗത്തിൽ പ്രവർത്തിക്കും. പിന്നെ വേഗം കുറയും. വൈകിട്ട് അഞ്ചര മണിയോടെ വീണ്ടും പൂർവനിലയിലാകും.

Related Articles

Leave a Reply

Back to top button