Koduvally

ജനവാസകേന്ദ്രത്തിലെ ക്വാറിക്കെതിരേ സമരം ശക്തമാക്കുന്നു

കൊടുവള്ളി : ആവിലോറയിലെ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരേ നാട്ടുകാർ സമരം ശക്തമാക്കി. ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിച്ച് പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുംവരെ അനിശ്ചിചിതകാല സമരത്തിന് തുടക്കംകുറിച്ചതായി ജനകീയ സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്രഷറിന്റെ 100 മീറ്റർ ചുറ്റളവിനുള്ളിൽ 1200 കുട്ടികൾ പഠിക്കുന്ന സ്കൂളും 10 വീടുകളും ആരാധനാലയങ്ങളും നഴ്സറിയും ഉണ്ട്. ക്രഷറിൽനിന്ന് പുറന്തള്ളുന്ന മലിനവസ്തുക്കൾ സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതുമൂലം ജലസ്രോതസ്സുകൾ മലിനമാകുന്നു. കളത്തിൽതൊടുക കുടിവെള്ളപദ്ധതിയുടെ തൊട്ടടുത്ത് നിന്ന് 20,000 ലിറ്റർ വെള്ളം ദിവസവും ഊറ്റുന്നത് കാരണം കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധന നടത്തുവാൻ കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറിയോട് ഒരുവർഷംമുമ്പ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

എന്നാൽ തുടർനടപടികൾ ഉണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ചെയർമാൻ കെ.ടി. അബ്ദുൽമജീദ്, കൺവീനർ ടി.പി. റഫീഖ്, കെ. കാദർ, ടി.പി. സലിം, വി.കെ. അനസ്, സലാം പാറക്കണ്ടി, മുബാറക് ആവിലോറ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button