167 കിലോ കഞ്ചാവു കടത്തിയ കേസ്: 3 പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് ∙ ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്കു 167 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ 3 പേർ കൂടി പിടിയിൽ. കഞ്ചാവു കടത്തു സംഘത്തിലെ എറണാകുളം എടയാർ സ്വദേശി എം.ജെ. നവീൻ (28), പാലക്കാട് കറുകപുത്തൂർ സ്വദേശി ഹസ്സൻ (33), കഞ്ചാവു വാങ്ങാൻ പണം മുടക്കിയ പെരുമ്പാവൂർ കണ്ടന്തറ സ്വദേശി കുഞ്ഞച്ചൻ (തൻസീലിൻ– 34) എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്കു കഞ്ചാവ് കടത്തുന്നതിനിടെ സംഘത്തിലെ നാലു പേരെ മലപ്പുറം വണ്ടൂരിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്രയിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് വയനാട്ടിൽ നിന്നു മറ്റൊരു വാഹനത്തിലേക്കു മാറ്റിയ ശേഷമായിരുന്നു യാത്ര. ആ ലോറിയും 500 ചാക്ക് സിമന്റും ഉൾപ്പെടെ എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് കേസ് എക്സൈസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. കേസിലെ പ്രധാനികളായ എറണാകുളം പാനായിക്കുളം സ്വദേശി ശരത്ത് രവീന്ദ്രൻ (29), ആലപ്പുഴ എഴുപുന്ന സ്വദേശി വർഗീസ് ഷിക്സൺ (25) എന്നിവർ ഇപ്പോഴും ഒളിവിലാണ്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജു, ക്രൈം ബ്രാഞ്ച് പ്രിവന്റീവ് ഓഫിസർമാരായ പി. സുധീർ, സുഗന്ധ കുമാർ, പി. സജീവ്, സി. ജിബിൽ, കെ. രാജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.







