അവശ്യ സര്വീസുകാര്ക്കുളള തപാല്‍ വോട്ടില്‍ 95.3% പേര് വോട്ടു രേഖപ്പെടുത്തി

കോഴിക്കോട്: അവശ്യ സര്‍വീസുകാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍ 95.3 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 4,503 പേര് അവശ്യ സര്‍വീസ് വോട്ടിന് അര്‍ഹരായിരുന്നു.
ഇതില്‍ 4,293 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 210 പേര് വോട്ട് രേഖപ്പെടുത്തിയില്ല. ഓരോ മണ്ഡലത്തിലും ഓരോ കേന്ദ്രം എന്ന നിലയില്‍ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനുകളില്‍ മൂന്നു ദിവസങ്ങളിലായാണ് പോളിംഗ് നടന്നത്.
വിവിധ വകുപ്പുകളിലെ അവശ്യ സര്‍വീസുകാര്‍ക്കുള്ള തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നലെ വൈകുന്നേരം അഞ്ചു വരെയാണ് സമയം അനുവദിച്ചിരുന്നത്.
വോട്ടിംഗിന്റെ ആദ്യദിനമായ ഞായറാഴ്ച 1,354 പേരും രണ്ടാം ദിനം 1,856 പേരും അവസാനദിനമായ ഇന്നലെ 1,083 പേരും വോട്ട് രേഖപ്പെടുത്തി. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സര്‍വീസുകാര്‍ക്ക് തപാല്‍ വോട്ടിന് അവസരം നല്‍കിയത്.
ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അഥോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി സര്‍വീസ്, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവര്‍ത്തകര്‍, വ്യോമസേന, ഷിപ്പിങ് എന്നി അവശ്യസേവന ജീവനക്കാരാണ് തപാല്‍ വോട്ടിന് അര്‍ഹരായിരുന്നത്.







