വിഷു വിപണി സജീവം; ഇനി തിരഞ്ഞെടുപ്പ് തുണിത്തര, പടക്കക്കടകളിൽ

കോഴിക്കോട് ∙ തിരഞ്ഞെടുപ്പു ചൂട് കഴിഞ്ഞതോടെ വിഷു വിപണി ഉണർന്നു. പടക്കം, വസ്ത്ര വിപണി സജീവമായി. ഇത്തവണ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള പടക്കങ്ങളാണു വിൽക്കുന്നതെന്നു കോയ റോഡ് ജംക്‌ഷനിലെ അയ്യൻസ് വേൾഡ് ഉടമകളായ പി.പി.ഉദയ ശങ്കർ, ശങ്കർ ഉദാസ് എന്നിവർ പറഞ്ഞു. ബേരിയം നൈട്രേറ്റിന്റെ അളവു കുറച്ചാണു ഇത്തവണ പടക്കങ്ങളും അനുബന്ധ സാധനങ്ങളും നിർമിച്ചിരിക്കുന്നത്. ശബ്ദവും വെളിച്ചവും ഉണ്ടാകുമെങ്കിലും പുക കുറവായിരിക്കും. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം. ഈ പടക്കങ്ങൾ അപകടമില്ലാത്തതാണെന്നും വ്യാപാരികൾ പറഞ്ഞു.
കുട്ടനാടൻ താറാവു മുതൽ കൊറോണ വരെ പടക്ക വിപണിയിൽ ഇത്തവണ വൈവിധ്യങ്ങൾ ഏറെയാണ്. താറാവു രൂപത്തിലുള്ള ഗോൾഡൻ ഡക് പാക്കറ്റിൽ നിന്നു 3 പൂക്കുറ്റികൾ കത്തിയുയരും. കൊറോണ എന്ന വിളിപ്പേരുള്ള ഇന്ത്യൻ ഡിലൈറ്റ് എന്ന ഇനം ‘ജനിതക മാറ്റം’ സംഭവിച്ച് 15 പൊട്ടലുകളാണു കാഴ്ച വയ്ക്കുന്നത്. കോവിഡ് കാലത്തു പ്രചാരം നേടിയ ഡ്രോണും പടക്ക വിപണിയിലുണ്ട്. തീ കൊടുത്താൽ വായുവിൽ പൊങ്ങി ഡ്രോൺ കണക്കെ ചുറ്റിക്കറങ്ങും. സമ്മാനമായി നൽകാൻ വിവിധ തരം പാക്കറ്റുകൾ ലഭ്യമാണ്. പടക്കങ്ങൾ ഏറെയും തമിഴ്നാട്ടിൽ നിന്നാണു വരുന്നത്. ചൈനാ പടക്കം എന്നു പറയുന്നവ നിർമിക്കുന്നതു ശിവകാശിയിലാണ്.







