‘ശുചിത്വ’ തിരഞ്ഞെടുപ്പിനൊടുവിൽ താറുമാറായി സ്കൂൾ ചുവരുകൾ

കോഴിക്കോട് ∙ ശുചിത്വത്തിനും ഹരിത പ്രോട്ടോക്കോളിനും വലിയ പ്രാധാന്യം നൽകി നടത്തിയ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സ്കൂൾ ചുമരുകളിൽ പോസ്റ്ററുകൾ ബാക്കി. പോളിങ് സ്റ്റേഷൻ സജ്ജീകരിച്ച സ്കൂളുകളിലെ ചുമരുകളിൽ പതിച്ച ബോധവൽക്കരണ പോസ്റ്ററുകൾ മാറ്റാതെയാണ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടത്. പല സ്കൂളുകളിലും ചുമരിൽ കുട്ടികൾ വരച്ച മാപ്പ്, ചിത്രങ്ങൾ തുടങ്ങിയവയ്ക്കു മുകളിലാണു പോസ്റ്ററുകൾ പതിച്ചത്. ഇത്തവണ കോവിഡ് മാനദണ്ഡ ബോധവൽക്കരണം ഉൾപ്പെടെ പോസ്റ്ററുകൾ ഓരോ പോളിങ് സ്റ്റേഷൻ ചുമരിലും പതിച്ചിട്ടുണ്ട്. പണവും സമയവും ചെലവഴിച്ചു സ്കൂൾ അധികൃതരും വിദ്യാർഥികളും മനോഹരമാക്കിയ ചുമരുകളാണ് വൃത്തികേടാക്കിയത്. ചില സ്കൂളുകളിൽ ചുമരിലെ പോസ്റ്റർ ഭാഗികമായി പൊളിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു വേളയിൽ ശുചിത്വം പാലിക്കണമെന്നും പ്രചാരണ സാമഗ്രികൾ ഇട്ടു പൊതുസ്ഥലം വൃത്തികേടാക്കരുതെന്നും മറ്റും ശുചിത്വ മിഷൻ അടക്കമുള്ള സർക്കാർ സംവിധാനം ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ അത്തരം ബോധമില്ലാതെയാണു പ്രവർത്തിച്ചതെന്നു വിദ്യാർഥികൾ ആരോപിച്ചു.






