ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച; പ്രതി പിടിയിൽ

പയ്യോളി∙ ബസ് സ്റ്റാൻഡിനു സമീപമുള്ള പ്രശാന്തി ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ മോഷ്ടാവ് പൊലീസ് പിടിയിൽ. കുന്നമംഗലം പെരിങ്ങളം അറപ്പൊയിൽ മുജീബ് (34) ആണു മറ്റൊരു കേസിൽ എടച്ചേരി പൊലീസ് പിടിയിലായത്. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്നാണു ജ്വല്ലറിയിലെ കവർച്ച സമ്മതിച്ചത്. കഴിഞ്ഞ ഒക്ടോബർ 5 നാണു ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ ജ്വല്ലറിയിൽ കയറി സ്വർണാഭരണം അടങ്ങിയ ട്രേയുമായി സ്റ്റാർട്ട് ചെയ്തു നിർത്തിയ ബൈക്കിൽ കടന്നു കളഞ്ഞത്.
ഓർക്കാട്ടേരിയിലെ സബീന മലഞ്ചരക്ക് സ്റ്റോറിൽ നിന്നു മുക്കാൽ ലക്ഷം രൂപയുടെ അടയ്ക്ക മോഷ്ടിച്ച കേസിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണു കൊണ്ടോട്ടിയിലെ ഷോറൂമിൽ നിന്നു മോഷ്ടിച്ച കാറുമായി കാപ്പാട് ബീച്ചിലെ ബാറിൽ നിന്നു മുജീബ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 12 നായിരുന്നു കാർ മോഷ്ടിച്ചത്. കൊണ്ടോട്ടിയിലെ മലഞ്ചരക്ക് കടയിൽനിന്നു ഒരു ലക്ഷം രൂപയുടെ കുരുമുളക് മോഷ്ടിച്ചതടക്കം 30 കേസുകളിൽ പ്രതിയാണു ഇയാളെന്നു പൊലീസ് പറഞ്ഞു.കൊടുവള്ളി, വട്ടോളി, അരീക്കോട്, കടുങ്ങല്ലൂർ മാർക്കറ്റ് എന്നിവിടങ്ങളിലും കവർച്ച നടത്തിയതായും പൊലീസ് പറഞ്ഞു.







