കോവിഡ് വ്യാപനം: താമരശ്ശേരിയിൽ ഡ്രോൺ പരിശോധനയുമായി പോലീസ്

താമരശ്ശേരി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പരിശോധനയും തുടർനടപടികളും കർശനമാക്കി പോലീസ്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരേ പോലീസ് നടപടി കൈക്കൊള്ളും. കൂടാതെ പോലീസ് നേരിട്ടും പരിശോധനകൾ നടത്തുന്നുണ്ട്.
ആൾക്കൂട്ടം ഒഴിവാക്കുക, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോ, മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോ, സാനിറ്റൈസർസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ എന്നിവ പോലീസ് പരിശോധിച്ചു. സ്റ്റേഷൻതലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പരിശോധനയ്ക്ക് പ്രത്യേകം ടീമുകൾ രൂപവത്‌കരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധന നടത്തും. മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കേസ് എടുക്കുക, പിഴ ഈടാക്കുക തുടങ്ങിയ നിയമനടപടികൾ കർശനമായി തുടരും.
കോഴിക്കോട് റൂറൽ എസ്.പി. ഡോ. ശ്രീനിവാസിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി. സന്തോഷ്, ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ.മാരായ മുരളീധരൻ, സലിം, മുഹമ്മദ് കോയ, എ.എസ്.ഐ. സുബാഷ്, സലേഷ് എന്നിവരടങ്ങുന്ന സംഘമാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധസ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തിയത്.





