Mukkam
കാരശ്ശേരി മേഖലയെ അതിഗുരുതര മേഖലയിൽനിന്ന് കളക്ടർ ഒഴിവാക്കി

കാരശ്ശേരി: ഗ്രാമപ്പഞ്ചായത്തിനെ കോവിഡ് വ്യാപനത്തിന്‍റെ അതിഗുരുതര മേഖലയിൽനിന്ന് കളക്ടർ ഒഴിവാക്കി. കഴിഞ്ഞ 14-നാണ് അതിഗുരുതര മേഖലയായി പഞ്ചായത്തിനെ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 35-ന് മുകളിൽ എത്തിയതിനാലാണ് കടുത്ത നിയന്ത്രണം കൊണ്ടുവന്നത്. മേയ് 16 മുതൽ മേയ് 24 വരെയുള്ള ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 25 ശതമാനത്തിനും താഴേക്കുവന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഹൈലി ക്രിട്ടിക്കൽ സോണിൽനിന്ന് പഞ്ചായത്തിനെ ഒഴിവാക്കിയത്. അതേസമയം ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പഞ്ചായത്തിൽ നിലനിൽക്കും.
പഞ്ചായത്തിൽ ചൊവ്വാഴ്ച 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 276 പേരെയാണ് പരിശോധിച്ചത്. അഞ്ച് ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 പേർ രോഗമുക്തരായി. 204 പേരാണ് നിലവിലുള്ള രോഗികൾ







