സൂപ്പർ എം.ആർ.എഫ്. പ്ലാന്റിലെ മാലിന്യം പരന്നൊഴുകുന്നത് സാംക്രമികരോഗ ഭീഷണിയെന്ന് പരാതി

തിരുവമ്പാടി: സൂപ്പർ എം.ആർ.എഫ്. മാലിന്യ പ്ലാന്റ് പരിസരത്തെ കുമിഞ്ഞുകൂടിയ മാലിന്യം കനത്തമഴയിൽ പരന്നൊഴുകുന്നത് സാംക്രമികരോഗ ഭീഷണി ഉയർത്തുന്നതായി പരാതി. തൊട്ടടുത്ത് ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വൈള്ളക്കെട്ടിലേക്കാണ് ഇത് ഒഴുകിയെത്തുന്നത്.
സമീപപ്രദേശങ്ങളിലെ തോടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമയമാകാൻ ഇത് ഇടയാക്കുമെന്നും മാലിന്യം ഉടൻ നീക്കംചെയ്യാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതവലി ആനടിയിൽ തദ്ദേശസ്വയംഭരണ മന്ത്രി, സ്ഥലം എം.എൽ.എ., കളക്ടർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. പാറമടയിലെ മലിനജലം വാട്ടർ അതോറിറ്റി, ജലനിധി ഉൾപ്പെടെയുള്ള കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയിലാണ് ചെന്നു പതിക്കുന്നത്. കോവിഡ് മഹാമാരിയുടെ കൂടെ പശ്ചാത്തലത്തിൽ അടിയന്തര നടപടി വേണമെന്നും പരാതിയിൽ പറയുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ തുടങ്ങിയ പദ്ധതി ഭാഗികമായാണ് പ്രവർത്തിക്കുന്നത്. ഒരുമാസം പ്രവർത്തനം നടന്നെങ്കിലും പിന്നീട് സാങ്കേതികകാരണം പറഞ്ഞ് നിറവ് ഏജൻസി പിൻവാങ്ങിയതോടെ സമീപപഞ്ചായത്തുകളിൽനിന്നടക്കമെത്തിയ മാലിന്യം പ്ലാന്റ് പരിസരം കൈയടക്കുകയായിരുന്നു.
അതേസമയം, ക്ലീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടത്തെ മാലിന്യം നീക്കംചെയ്യാൻ നടപടിയായതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു. ആദ്യ ലോഡ് ശനിയാഴ്ച കയറ്റി അയക്കുമെന്നും അവർ പറഞ്ഞു.







