Thiruvambady

തിരുവമ്പാടിയിലെ മാലിന്യ പ്രശ്നം; ആസൂത്രണ – പരിപാലന സംവിധാനങ്ങളിലെ വീഴ്ച്ചകൾ പ്രശ്നം സങ്കീർണ്ണമാക്കിയെന്ന് പഞ്ചായത്ത് ഭാരവാഹികൾ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും പരാതികളും പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കുകയും, തുടർന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന അടിയന്തരയോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

നിലവിൽ സൂപ്പർ എം ആർ എഫ് പ്ലാന്റിലും പരിസരത്തുമായി കുമിഞ്ഞുകൂടിയ നിലയിലുള്ള മാലിന്യങ്ങൾ രണ്ടാഴ്ചക്കകം നീക്കംചെയ്യുന്നതിന് നിറവിനെയും, ക്ലീൻ കേരള മിഷനെയും ചുമതലപ്പെടുത്തിയതായും ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയമായി നടത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുവാനും വാർഡ് തലത്തിലുള്ള മാലിന്യ ശേഖരണം സുഗമമാക്കുവാനായി കൂടുതൽ മിനി എം സി എഫുകൾ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുന്നതായും മാലിന്യ സംസ്കരണ പ്ലാന്റിലേക്കും ക്രിമിറ്റോറിയത്തിലേക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായും സ്ഥലം സന്ദർശനത്തിനും അവലോകനത്തിനും ശേഷം അധികൃതർ വ്യക്തമാക്കി.

മാലിന്യ സംസ്കരണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഹരിത കേരള മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ഇതേത്തുടർന്ന് ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ശുചിത്വ കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോഡിനേറ്റർ, ബി ഡി ഓ, അസിസ്റ്റന്റ് എൻജിനീയർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതർ, ഗ്രാമപഞ്ചായത്ത് അധികൃതർ തുടങ്ങിയവർ ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കുകയും വിഷയം പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തതായി ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, പി പ്രകാശ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

മാലിന്യ സംസ്കരണ സംവിധാനം താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നത് ആസൂത്രണ – പരിപാലന സംവിധാനത്തിലുണ്ടായ ഗുരുതരമായ വീഴ്ച്ച മൂലമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാനും അടിയന്തര യോഗത്തിനുശേഷം സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ (സൂപ്പർ എം ആർ എഫ്), ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെൻ്റർ (എം സി എഫ്), ജൈവ മാലിന്യ സംസ്ക്കരണത്തിനായുള്ള തുമ്പൂർമുഴി മോഡൽ ബയോ കമ്പോസ്റ്റ് യൂണിറ്റ്, വാർഡുകളിൽ സ്ഥാപിച്ച മിനി എം സി എഫുകൾ, ഹരിത കർമ്മ സേന എന്നീ അഞ്ച് സംവിധാനങ്ങൾ ഒരിക്കിയിട്ടും പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് ആസൂത്രണത്തിലെ പിഴവും പരിപാലന സംവിധാനത്തിൽ മുൻ ഭരണ സമിതി കാണിച്ച കുറ്റകരമായ അനാസ്ഥയെയുമാണ് സൂചിപ്പിക്കുന്നതെന്നും നിലവിലെ സംവിധാനങ്ങളിൽ വന്ന പോരായ്മകൾക്ക് ഭരണ സമിതി ഉടൻ പരിഹാരം കാണുമെന്നും ഇരുവരും കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Back to top button