ബാഡ്ജ് ഓഫ് ഓണർ ബഹുമതിയിൽ നിറഞ്ഞ് മുക്കം പൊലിസ്

മുക്കം: മുത്തേരിയില്‍ വയോധികയെ പീഡനത്തിനിരയാക്കുകയും ആഭരണം കവരുകയും ചെയ്ത കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. അന്വേഷണ സംഘത്തലവനും മുക്കം പൊലീസ് ഇന്‍സ്പെക്ടറുമായിരുന്ന ബി കെ സിജു, മുക്കം സ്‌റ്റേഷനിലെ എസ് ഐ. സി സി സജു, എ എസ് ഐ സലീം മുട്ടത്ത്, സിവില്‍ പൊലീസ് ഓഫിസര്‍ ഷെഫീഖ് നീലിയാനിക്കല്‍ കൂടരഞ്ഞി, വടകര റൂറല്‍ സൈബര്‍ സെല്‍ എസ് ഐ. സത്യന്‍ കാരയാട്, എസ് ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, എ എസ് ഐ ഷിബില്‍ ജോസഫ എന്നിവരാണ് അന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.
2020 ജൂലൈ രണ്ടിനാണ് മുക്കം മുത്തേരി കാപ്പുമല വളവില്‍ ആളൊഴിഞ്ഞ പറമ്പില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. പ്രതിയെകുറിച്ച് ഒരു സൂചനയും ഇല്ലാതിരുന്ന കേസില്‍ 12 ദിവസത്തെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഐ പി എസിന്റെ നിര്‍ദേശപ്രകാരം അന്നത്തെ താമരശ്ശേരി ഡി വൈ എസ് പിയായിരുന്ന അഷ്റഫിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയായ മുജീബ്‌റഹ്‌മാനെ പിടികൂടിയത്. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ പരമാവധി തെളിവുകള്‍ ശേഖരിച്ച് വളരെ കൃത്യതയാര്‍ന്ന അന്വേഷണമായിരുന്നു നടത്തിയത്.
തുടക്കത്തില്‍ ഒരു തെളിവുകളും ലഭിക്കാതെ തിരിച്ചടി നേരിട്ട കേസില്‍ ഇരുന്നൂറോളം സി സി ടി വി കാമറകളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കുറ്റാന്വേഷണ മികവിന് വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന പൊലീസ് മേധാവി നല്‍കുന്ന പരമോന്നത ബഹുമതിയാണ് ബാഡ്ജ് ഓഫ് ഓണര്‍.







