തുഷാരഗിരി ഭൂമി വീണ്ടെടുക്കാൻ പുനഃപരിശോധനാ ഹർജി നൽകണം

കോടഞ്ചേരി: തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രം ഉൾപ്പെടെയുള്ള 24 ഏക്കർ ഭൂമി സ്വകാര്യവ്യക്തികൾക്ക് തിരികെ നൽകണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സർക്കാർ പുനഃപരിശോധനാഹർജി നൽകണമെന്ന് പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പരിസ്ഥിതിപ്രവർത്തരടങ്ങുന്ന സംഘത്തോടൊപ്പം തുഷാരഗിരി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിലോലപ്രദേശമായ തുഷാരഗിരിയെ സർക്കാർ സംരക്ഷിക്കണം. കോടതിവിധിയുടെ പശ്ചാത്തലത്തിൽ സമീപത്തെ ഉടമകളും ഭൂമി തിരികെ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കണം. തുഷാരഗിരി നഷ്ടപ്പെട്ടാൽ ചാലിപ്പുഴയും അതുവഴി ചാലിയാറും നിലനിൽപ്പ് ഭീഷണി നേരിടും.
വിഷയത്തിൽ സ്ഥലം എം.പി. രാഹുൽ ഗാന്ധി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.വി. രാജൻ, മഠത്തിൽ അബ്‌ദുൾ അസീസ്, ബേബി കോട്ടപ്പുള്ളി, ദേവസ്യ ഒലവുങ്കൽ, മധു ചെറൂപ്പ, ശബരീഷ് മുണ്ടക്കൽ എന്നിവർ നേതൃത്വം നൽകി.
ഇരുപതുവർഷംമുമ്പാണ് ഇ.എഫ്.എൽ.നിയമപ്രകാരം വനംവകുപ്പ് തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തോട് ചേർന്ന ഭൂമി ഏറ്റെടുത്തത്. വനംവകുപ്പ് നടപടി ചോദ്യംചെയ്ത് ഏതാനും ഭൂവുടമകൾ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. ഇതോടെ നാലുപേരുടെ ഉടമസ്ഥതയിലുള്ള 24 ഏക്കർ സ്ഥലം ഉടമകൾക്ക് വിട്ടുനൽകാൻ സുപ്രീംകോടതി വിധിച്ചു.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ തുഷാരഗിരിയിലെ ടിക്കറ്റ് കൗണ്ടറും ഒന്ന്, രണ്ട് വെള്ളച്ചാട്ടങ്ങളും സ്വകാര്യവ്യക്തികൾക്ക് വിട്ടുനൽകേണ്ട ഭൂമിയിൽ ഉൾപ്പെടും. സമീപത്തെ നിരവധി ഭൂവുടമകൾ ഭൂമി വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.







