കാട്ടുപന്നിയെ വെടിവെക്കൽ: തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നില്ലെന്ന് പരാതി

മുക്കം: കാട്ടുപന്നിയെ വെടി വയ്ക്കാൻ അനുവാദം ലഭിച്ചവരുടെ തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകുന്നില്ലെന്ന് പരാതി. കച്ചേരി സി. എം. ബാലൻ, തോട്ടത്തിൻകടവ് പുറങ്കൽ വി. വി ബാലൻ എന്നിവരുടെ തോക്ക് ലൈസൻസാണ് പുതുക്കി ലഭിക്കാത്തത്. കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുവാദം കിട്ടിയവർ ഓരോ വർഷവും ലൈസൻസ് പുതുക്കണം എന്നാണ് നിബന്ധന. സി.എം ബാലൻ ചാത്തമംഗലം, കാരശ്ശേരി, പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി 32 പന്നികളെ വെടിവെച്ചുകൊന്ന ആളാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നത് ഇദ്ദേഹമാണ്.ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് മൂന്നു മാസമായിട്ടും ഇതുവരെയും നടപടി ആയിട്ടില്ല.
വി.വി ബാലൻ മുക്കം നഗരസഭയിലെ 16 കാട്ടുപന്നികളെ വെടിവെച്ചുകൊന്ന ആളാണ്. ഇദ്ദേഹം ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിച്ച് ആറുമാസമായി. എന്നാൽ അധികൃതർ നടപടി എടുത്തിട്ടില്ല. പൊലീസ് പരിശോധന റിപ്പോർട്ട്, വനംവകുപ്പിന്റെ അനുവാദം എന്നിവയോടെ സമർപ്പിച്ച് അപേക്ഷ കലക്ടറേറ്റിൽ തീരുമാനമാകാതെ കിടക്കുന്നു. എന്നാൽ ലൈസൻസ് തോക്കുള്ള പല കർഷകർക്കും കാട്ടുപന്നിയെ വെടി വെക്കാൻ അനുവാദം അടുത്തിടെ ലഭിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും ഒരു കാട്ടുപന്നിയെയും വെടിവയ്ക്കാൻ സാധിച്ചിട്ടില്ല. മലയോരമേഖലയിൽ അടുത്തിടെ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും പരിചയസമ്പന്നരായ ആളുകൾക്ക് കാട്ടുപന്നിയെ വെടിവയ്ക്കാൻ തോക്കു ലൈസൻസ് പുതുക്കി കൊടുക്കാത്തതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ആരോപിച്ചു. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും നേതാക്കൾ അറിയിച്ചു .







