അശാസ്ത്രീയതയും, അനാസ്ഥയും, അപകടങ്ങളും തുടർക്കഥയാവുമ്പോളും എങ്ങുമെത്താതെ കൈതപോയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണം

തിരുവമ്പാടി: നിർമ്മാണ പ്രവർത്തി ആരംഭിച്ച് വർഷങ്ങൾക്കിപ്പുറം കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്താത്ത കൈതപോയിൽ – അഗസ്ത്യൻമുഴി റോഡിന്റെ ശോചനീയാവസ്ഥയിൽ പൊറുതി മുട്ടുകയാണ് പ്രദേശവാസികളും മറ്റ് യാത്രക്കാരും. നിരവധി തവണകളിലായി ഒട്ടനവധി പരാതികൾ ഉയരുകയും വിവിധ ഭരണപക്ഷ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പ്രവർത്തി സന്ദർശിച്ച് പൂർത്തീകരണ വാഗ്ദാനങ്ങൾ നൽകിയിട്ടും നിർമ്മാണം എങ്ങുമെത്താത്തത് ജനങ്ങളുടെ ദുരിത യാത്രയ്ക്ക് ആക്കം കൂട്ടുകയാണ്.
മാസങ്ങൾക്കു മുമ്പ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കോടഞ്ചേരി സന്ദർശിച്ചപ്പോൾ ഈ വിഷയം ശ്രദ്ധയിൽ പെടുത്തുകയും, വേണ്ട നടപടി സ്വീകരിക്കണമെന്നും, ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്നും മന്ത്രി അന്ന് ഉറപ്പ് നൽകിയതായും. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ ഒരു നിർമാണപ്രവർത്തനവും കരാറുകാരായ നാദ് കൺസ്ട്രക്ഷൻ നടത്തിയിട്ടില്ല എന്ന് ജനങ്ങൾ പറയുന്നു. ഈ പ്രശ്നത്തിൽ പൊതുമരാമത്ത് മന്ത്രി എത്രയും വേഗം ഇടപെടണമെന്നും, പദ്ധധി പൂർത്തിയാക്കി ഈ ദുരിതത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
കൈതപ്പൊയിൽ ഭാഗത്ത് മാത്രം രണ്ട് കിലോമീറ്ററോളം ഒന്നാം ഘട്ട ടാറിംഗ് തുടക്കത്തിൽ തന്നെ പൂർത്തിയാക്കിയത്, കരാറുകാരും നോളജ് സിറ്റിയുമായുള്ള രഹസ്യ ബന്ധം വെളിവാക്കുന്നു എന്നും ജനങ്ങൾ ആരോപിക്കുന്നു. ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിട്ട പ്രസ്തുത റോഡ് നിർമ്മാണ പ്രവർത്തിയിൽ ഉണ്ടായിട്ടുള്ള അപാകതകളും അശാസ്ത്രീയതയും അശ്രദ്ധയും ദിനംപ്രതി അപകടങ്ങൾക്ക് വഴിവെക്കുന്നത് മറ്റൊരു ദുരിത കാഴ്ചയാണ്. യാത്രായോഗ്യമായിരുന്ന റോഡ് ഉണ്ടായിരുനിടത്ത് കാൽനട പോലും ദുസ്സഹമായ അവസ്ഥയിലെത്തിച്ചത് രാഷ്ട്രീയ നേതാക്കളുടെയും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളി മൂലമാണെന്നാണ് എന്നും പൊതുജനം അഭിപ്രായപ്പെടുന്നു.







