Kodanchery

അര്‍ദ്ധ രാത്രിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമം; പ്രതിഷേധവുമായി സി.പി.ഐ.എം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ മുട്ടിത്തോട്ടിലെ കൊടകല്ലിങ്കല്‍ മറിയാമ്മയുടെ വീട്ടില്‍ നായാട്ട് മാംസം ഉണ്ടെന്ന് ആരോപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറുകയും, അഴിഞ്ഞാടുകയും ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.

അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വീട്ടിലുണ്ടായിരുന്ന 84 വയസുള്ള വയോധികയെയും ചെറുമകനെയും ആക്രമിക്കുകയും വീട്‌ പൂട്ടി വയോധികയെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തു എന്നും. പിന്നീട് തിരിച്ച് വീട്ടിലെത്തിയ ഫോറസ്റ്റ് സംഘം വീട് അനധികൃതമായി റെയ്ഡ് നടത്തുകയും വീട് അലങ്കോലമാക്കുകയും ചെയ്തു. ഭയന്നോടിയ യുവാവിനെ കണ്ടെത്തനായിട്ടില്ല. യുവാവിന്റെ കാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അനധികൃതമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും രണ്ട് മാസത്തെ പെന്‍ഷന്‍ പണവും കാണാതാവുകയും ചെയ്തിട്ടുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് വയോധിക പരാതി നല്‍കിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിലും വയോധികക്കും യുവാവിനുമെതിരെ കൃത്രിമ തെളിവുണ്ടാക്കി കള്ളക്കേസെടുക്കുന്നതിനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ മുട്ടിത്തോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ്,പി.പി.കുര്യന്‍,റോയി പതിയില്‍,വനദാസന്‍, രഞ്ജിത്ത് ചാക്കോ, ഇ.പി.നാസിര്‍,റോസ്ലി മാത്യു,പ്രമോദ് പ്ലാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിനെതിരെ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐഎം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button