മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു

മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് നടപടികൾ തുടങ്ങി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചറൽ ആൻഡ് പ്ലാനിംഗ് വിഭാഗമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും ഉപയോഗയോഗ്യമായ കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടുമുള്ള പ്ലാനാകും തയ്യാറാക്കുക. അമ്പതു വർഷത്തെ വികസനം മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്ലാൻ രൂപകല്പന ചെയ്യുന്നത്.
മാസ്റ്റർ പ്ലാൻ തയ്യാറക്കുന്നതിന്റെ ഭാഗമായി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് ഭാഗത്തിലെ ഡോ. ചിത്ര കെ, ഡോ.ദീപ്തി ബെൻഡി, ഡോ. അമൃത പികെ എന്നിവരടങ്ങിയ സംഘം സ്ഥലം പരിശോധന നടത്തി. പ്രാഥമിക രൂപകൽപ്പനക്ക് ശേഷം മെഡിക്കൽ രംഗത്തെ വിദഗ്ധരുമായി ചർച്ച ചെയ്തായിരിക്കും മാസ്റ്റർ പ്ലാൻ അന്തിമമാക്കുക.
മുക്കം സി എസ് സി യുടെ വികസനമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് ഇതോടുകൂടി പരിഹാരമാകും. നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി.ചന്ദ്നി, വി കുഞ്ഞൻ, പ്രജിത പ്രദീപ്, അശ്വതി സനൂജ്, ജോഷില, വേണു കലുരുട്ടി, നഗരസഭ സെക്രട്ടറി എൻ.കെ, ഹരീഷ്, മെഡിക്കൽ ഓഫീസർ എം.മോഹനൻ എന്നിവർ സ്ഥല പരിശോധനയിലും ചർച്ചയിലും പങ്കെടുത്തു.






