Thiruvambady

മലയോര ഹൈവേ; വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാൻ ധാരണ

തിരുവമ്പാടി : പുന്നക്കൽ വിളക്കാംതോട് മലയോര ഹൈവേ നിർമാണപ്രവൃത്തി പുനരാരംഭിച്ചു. റോഡ് ക്രമാതീതമായി ഉയർത്തുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും കഴിഞ്ഞ ശനിയാഴ്ച നിർമാണം തടഞ്ഞിരുന്നു. ലിന്റോ ജോസഫ് എം. എൽ.എ., മുൻ എം.എൽ.എ. ജോർജ് എം. തോമസ്, ഉദ്യാഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികളും കെട്ടിട ഉടമകളുമായി നടത്തിയ അനുരഞ്ജന ചർച്ചയെത്തുടർന്നാണ് പ്രവൃത്തി പുനരാരംഭിച്ചത്.

കടകളിൽ പ്രവേശിക്കാനും വ്യാപാരസ്ഥാപനങ്ങൾ നടത്താനുമുള്ള സൗകര്യം അധികൃതർ ഉറപ്പുനൽകി. വിളക്കാംതോട്-പുന്നക്കൽ റോഡിലെ 40-ഓളം വ്യാപാരസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിർമാണപ്രവൃത്തികളാണ് വിവാദമായത്. മൂന്നടിയിലധികം ഉയരത്തിലാണ് അഴുക്കുചാൽ നിർമിക്കുന്നത്.

അങ്ങാടിയിലെ 30-ഓളം കടകൾ റോഡ് നിരപ്പിന്റെ താഴെ ആകുന്ന അവസ്ഥയുണ്ട്. ഒട്ടേറെ കടകളുടെ മുക്കാൽഭാഗം ഓടയുടെ നിരപ്പിനുതാഴെ ആകുന്നതുകാരണം കടയിലേക്ക് കയറാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. പല കെട്ടിടങ്ങളുടെയും മുകളിലേക്ക് കയറാനുള്ള കോണി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്.

ഉയർന്നു നിൽക്കുന്ന ഓടയോടുചേർന്ന് ഷട്ടർ വരുന്നതിനാൽ ഒട്ടേറെ കടമുറികൾ ഉപയോഗശൂന്യമാകുമെന്നും പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ആന്റോ ഫിലിപ്പ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button