കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ ധാരണ

മുക്കം : നഗരസഭയിലെ കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് നവീകരണപ്രവൃത്തി ഈ സീസണിൽതന്നെ പൂർത്തിയാക്കാൻ ലിന്റോ ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. കുറ്റിപ്പാലമുതൽ ചേന്ദമംഗല്ലൂർവരെയുള്ള 3.9 കി.മീറ്റർ റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ അഞ്ചരമീറ്റർ വീതിയിൽ ടാറിങ് നടത്തി പരിഷ്കരിക്കാനാണ് ധാരണ. ആവശ്യമായ ഇടങ്ങളിൽ ഓവുചാലുകളും നിർമിക്കും.
2020-21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനസർക്കാർ സ്പെഷ്യൽ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരണപ്രവൃത്തിക്ക് രണ്ടരക്കോടിരൂപ അനുവദിച്ചിരുന്നു. എൽ.എസ്.ജി.ഡി. എൻജിനിയറിങ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനുവദിക്കപ്പെട്ട കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രദേശത്തെ ജനപ്രതിനിധികളുടെ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. നാലുകിലോമീറ്ററോളം ദൂരം റോഡ് നവീകരിക്കാൻ നിലവിൽ അനുവദിച്ച തുക അപര്യാപ്തമാണെന്നും രണ്ടരക്കോടിരൂപയ്ക്ക് മൂന്നുകിലോമീറ്ററോളം റോഡ് നവീകരിച്ച് ബാക്കി ഭാഗം വരുംവർഷം കൂടുതൽ തുക വകയിരുത്തി നവീകരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നുമായിരുന്നു കൗൺസിലർമാരുടെ ആരോപണം. ഇത് അംഗീകരിക്കാനാവില്ലെന്നും പ്രത്യക്ഷസമരത്തിന് നേതൃത്വം നൽകുമെന്നും ജനപ്രതിനിധികൾ പറഞ്ഞിരുന്നു.
എം.എൽ.എ.യുടെ അധ്യക്ഷതയിൽ മുക്കത്തെ ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഡെ.ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, മുനിസിപ്പൽ എൻജിനിയർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു







