മൊയ്തീൻകോയ ഹാജിക്ക് മുക്കത്ത് സ്മാരകം നിർമിക്കുന്നു

മുക്കം : മുക്കത്തിന്റെ വികസനശില്പിയും സംസ്ഥാന ഓർഫനേജസ് കൺട്രോൾബോർഡ് ചെയർമാനുമായിരുന്ന വയലിൽ മൊയ്തീൻകോയ ഹാജിക്ക് മുക്കത്ത് സ്മാരകമുയരുന്നു. മുക്കം കേന്ദ്രീകരിച്ച് അഞ്ചുവർഷമായി സന്നദ്ധസേവനപ്രവർത്തനങ്ങൾ നടത്തുന്ന വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് മുക്കം ടൗണിൽ ഹൈസ്കൂൾ റോഡിൽ സി.ടി.വി. കെട്ടിടത്തിന്റെ മുൻവശത്ത് സ്മാരകം നിർമിക്കുന്നത്.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുയായിയായി പൊതുപ്രവർത്തനത്തിലും രാഷ്ടീയരംഗത്തും സജീവമായ മൊയ്തീൻകോയ ഹാജി മുൻകൈയെടുത്ത് 1956-ൽ സ്ഥാപിച്ച മുക്കം അനാഥശാലയ്ക്ക് രാജ്യത്തെ മികച്ച അനാഥശാലയ്ക്കുള്ള പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. 23-ാം വയസ്സിൽ കോഴിക്കോട് ഡി.സി.സി. പ്രസിഡൻറായ അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻമാറി സാമൂഹികസേവന പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി. മുക്കം ഗവ.ആശുപത്രി, മുക്കം പാലം, എം.എ.എം.ഒ. കോളേജ് അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവ മൊയ്തീൻകോയ ഹാജിയുടെ ശ്രമഫലമാണ്. അനാഥർക്കും അഗതികൾക്കുംവേണ്ടി ജീവിതം സമർപ്പിച്ച മൊയ്തീൻകോയ ഹാജി 1983-ലാണ് അന്തരിച്ചത്.
2017-ലാണ് മൊയ്തീൻകോയ ഹാജി സ്മാരക ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്. മുക്കം ആശുപത്രിയിലും അങ്ങാടിയിലും സൗജന്യഭക്ഷണ വിതരണമായിരുന്നു ആദ്യപ്രവർത്തനം. പിന്നീട് ഭക്ഷണക്കിറ്റുകൾ വീടുകളിലെത്തിച്ച് പാവങ്ങൾക്ക് ആശ്വാസം നൽകി. കോവിഡ് ദുരിതകാലത്തും അതിനുശേഷവും ഭക്ഷണക്കിറ്റ് വിതരണം തുടരുന്നുണ്ട്. മൂന്നു ആംബുലൻസുകൾ സർവീസ് നടത്തുന്നു. രോഗികൾക്ക് മരുന്ന്, ചികിത്സ ഉപകരണം, ഭക്ഷണം തുടങ്ങിയവയും നൽകുന്നു. രക്തദാനസേവനവും നടത്തുന്നു. കൗൺസലിങ് സേവനം, പഠന, പരിശീലന പദ്ധതികൾ എന്നിവയ്ക്കുപുറമെ ഉണർവ് എന്നപേരിൽ ഭിന്നശേഷിക്കാർക്കുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.
സ്മാരകനിർമാണം പൂർത്തിയായാൽ എല്ലാ പ്രവർത്തനങ്ങളും ഇവിടെ കേന്ദ്രീകരിച്ച് നടത്തും. പുതുതായി ആരംഭിക്കുന്ന ചാരിറ്റി ക്ലിനിക്, കാരുണ്യ ഫാർമസി എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുമെന്ന് ചെയർമാൻ വി. അബ്ദുൽ ജലീൽ, സെക്രട്ടറി കെ. രാജേശൻ എന്നിവർ പറഞ്ഞു.







