Karassery

ഒരുനൂറ്റാണ്ടിലേറെയായി നാട്ടുകാരുടെ ജീവിതവുമായി ഒത്തുചേർന്നുനിന്ന മരമുത്തശ്ശിക്ക് യാത്രാമൊഴി

കാരശ്ശേരി : ഒരുനൂറ്റാണ്ടിലേറെയായി നാട്ടുകാരുടെ ജീവിതവുമായി ഒത്തുചേർന്നുനിന്ന പുന്നമരമുത്തശ്ശി ഇല്ലാതാവുകയാണ്. മണ്ടാംകടവ്-താഴെതിരുവമ്പാടി റോഡിൽ കുമാരനെല്ലൂർ നെല്ലിക്കുത്ത് കുന്നിനുതാഴെ നിൽക്കുന്ന മരം റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റും.

വെള്ളപ്പൊക്കസമയത്താണ് നാടിന്റെ ശ്രദ്ധാകേന്ദ്രമായി പുന്നമരച്ചുവട് മാറിയത്. ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും സംഗമിക്കുന്ന മുക്കംകടവുമുതൽ നെല്ലിക്കുത്തിനുതാഴെ പുന്നമരച്ചുവടുവരെയാണ് പുഴകൾ കരകവിയുമ്പോൾ വെള്ളപ്പൊക്കത്തിൽ മുങ്ങുക. പാലവും റോഡും ഇല്ലാതിരുന്ന കാലത്ത് വിശാലമായ പ്രദേശം വെള്ളപ്പൊക്കത്തിൽ മുങ്ങിയാൽ പുറംലോകവുമായി ബന്ധപ്പെടാൻ നാട്ടുകാർ പുന്നമരച്ചുവട്ടിലാണ് തോണി കയറുന്നതിന് ഒത്തുകൂടുന്നത്.

വട്ടംകൂടിയിരുന്ന് നാട്ടുവർത്തമാനം പറയുന്ന പഴയകാലകേന്ദ്രവും ഈ മരത്തണലായിരുന്നു. ഒരുപാട് ഓർമകൾ പങ്കുവെക്കുന്ന മരമുത്തശ്ശിക്ക് നാട്ടുകാർ ഒത്തുകൂടി യാത്രയയപ്പ് നൽകി. യാത്രയയപ്പിന് യൂനുസ് പുത്തലത്ത്, എം.പി.കെ. അബ്ദുൽബർ, കാസിം കീലത്ത്, ആബിദ് കാളിയേടത്ത്, അഷ്‌റഫ്‌ കൊട്ടക്കാടൻ, കെ.കെ. അലവി, സി.കെ. അസീസ്, മുനീർ എളേടത്ത്, സി.കെ. ചേക്കു, ശരീഫ് തോട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button