ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലമായ സമിതി രൂപീകരിച്ചു; മൂന്നുമാസത്തിനകം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു;

തിരുവമ്പാടി: ജില്ലാപഞ്ചായത്തിൻറ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി വിപുലമായ സമിതി രൂപീകരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്, കൃഷി, ടൂറിസം, വനം വകുപ്പ്, കർഷക പ്രതിനിധികളും അടങ്ങുന്നതാണ് സമിതി.
കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ലിൻ്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ ജോസ് തോമസ് മാവറ, മേഴ്സി പുളിക്കാട്ട്, അലക്സ് ചെമ്പകശ്ശേരി, ആയിശക്കുട്ടി സുൽത്താന തുടങ്ങിയവർ
പങ്കെടുത്തു.
മലയോരത്തെ വൈവിധ്യമാർന്ന കാർഷിക വിളകളുടെ ഈറ്റില്ലമായ സ്ഥലങ്ങളും പ്രകൃതിമനോഹാരിതകൊണ്ട് അനുഗ്രഹീതമായ പ്രദേശങ്ങളും ജില്ലാപഞ്ചായത്ത് പ്രസിഡൻറിൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. കർഷകരുമായി ആശയവിനിമയം നടത്തി.
മലയോരമേഖലയിലെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഫാം ടൂറിസം പദ്ധതിയിലൂടെ നേടിയെടുക്കാൻ കഴിയുമെന്ന് സംഘം വിലയിരുത്തി. ഓമശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ സംഘം സന്ദർശിച്ചത്.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല, അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, അംബിക മംഗലത്ത്, ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ്, പി.ടി. അഗസ്റ്റിൻ, ജോസ് മാത്യു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
സമിതി ഭാരവാഹികൾ: ലിൻറാ ജോസഫ് എം.എൽ.എ.(രക്ഷാധികാരി), ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി (ചെയ.), വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല (വൈസ്.ചെയ.), ആത്മ പി.ഡി.പി.ആർ.രമാദേവി (കൺ.), കൃഷി അസിസ്റ്റൻറ് ഡയറക്ടർ ലേഖ കാക്കനാട്ട് (ജോ.കൺ.)







