Puthuppady

യുക്രെയ്നിൽനിന്നു തിരിച്ചെത്തിയ വിദ്യാർഥിനിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

പുതുപ്പാടി: യുക്രെയ്ൻ യുദ്ധമുഖത്തെ ഭീകര സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പുതുപ്പാടി സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനിക്ക്  രാഹുൽ ഗാന്ധി എംപി സാന്ത്വന സാമീപ്യമായി. പുതുപ്പാടി ചെരുവിള പുത്തൻവീട്ടിൽ മനാഫിന്റെയും പൊലീസ് ഉദ്യോഗസ്ഥയായ സീനത്തിന്റെയും മകളായ റിൻഷയെ രാഹുൽ ഗാന്ധി നേരിട്ട് വിളിപ്പിച്ചാണ് വിവരങ്ങൾ ആരാഞ്ഞ് ആശ്വസിപ്പിച്ചത്. 

വയനാട്ടിൽ നിന്നു മുക്കത്തേക്കുള്ള യാത്രാ മധ്യേ പുതുപ്പാടി വൈറ്റ് ഹൗസിൽ ഉച്ച ഊണിനു കയറിയതായിരുന്നു രാഹുൽ ഗാന്ധി. റിൻഷയുടെ മാതൃ സഹോദരിയും പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റുമായ ആയിഷക്കുട്ടി സുൽത്താൻ റിൻഷയെയും സുഹൃത്തുക്കളെയും രക്ഷപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ സഹായം തേടിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ റിൻഷ നാട്ടിലെത്തിയ വിവരം ആയിഷക്കുട്ടി സുൽത്താൻ ശ്രദ്ധയിൽപെടുത്തിയതോടെയാണ് രാഹുൽ ഗാന്ധി കുട്ടിയെ കാണാൻ  ആഗ്രഹം പ്രകടിപ്പിച്ചത്.

ആയിഷക്കുട്ടി സുൽത്താൻ റിൻഷയെയും പിതാവ് മനാഫിനെയും ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. റിൻഷയുമായി 20 മിനിറ്റോളം സംസാരിച്ച രാഹുൽ ഗാന്ധിയോട് യുദ്ധഭൂമിയിൽ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ വിവരിച്ചു. ബങ്കറിൽ എട്ടു ദിവസമാണ് കഴിഞ്ഞത്. തൊട്ടടുത്ത് സ്ഫോടനം നടന്നതോടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് നാട്ടിൽ എത്താനുള്ള വഴികൾ തേടുകയായിരുന്നുവെന്ന് റിൻഷ പറഞ്ഞു.

ബാങ്ക് വായ്പയും മറ്റും തരപ്പെടുത്തി 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്  കോഴ്സിന് ചേർന്നത്. തുടർ പഠനം സംബന്ധിച്ചുള്ള ആശങ്ക അറിയിച്ചപ്പോൾ  പഠന സംബന്ധമായ പ്രശ്നങ്ങളും മറ്റും പാർലമെന്റിൽ ഉന്നയിച്ചു പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പറ‍ഞ്ഞ് രാഹുൽ ഗാന്ധിയും കുടെ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും ആശ്വസിപ്പിച്ചു.

Related Articles

Leave a Reply

Back to top button