തോട്ടത്തിൻകടവ് കെടിസി കുടിവെള്ള പദ്ധതി തകരാറിലായിട്ടു 4 വർഷം.

തിരുവമ്പാടി : തോട്ടത്തിൻകടവ് കെടിസി കുടിവെള്ള പദ്ധതി തകരാറിലായിട്ടു 4 വർഷം. 1987ൽ ജലഅതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കുടിവെള്ള പദ്ധതിയിലെ കുഴൽക്കിണർ തകരാറിലായതിനും 400 കുടുംബങ്ങൾക്കു കുടിവെള്ളം ഇല്ലാതായതിനും കാരണം കെടുകാര്യസ്ഥതയും അലംഭാവവും. മുക്കം നഗരസഭയിലെ 1 മുതൽ 6 വരെയുള്ള വാർഡുകളിലും 8–ാം വാർഡിന്റെ ഒരു ഭാഗവും തോട്ടത്തിൻകടവിലെ കെടിസി കുടിവെള്ള പദ്ധതിയിൽ നിന്നാണു വെളളം എടുത്തിരുന്നത്. പദ്ധതി തകരാറിലായതോടെ വല്ലപ്പോഴും ലഭിക്കുന്ന പുഴവെള്ളമാണ് ഇപ്പോൾ ആശ്രയം.
ഇതോടെ തോട്ടത്തിൻകടവ്, കല്ലുരുട്ടി, പച്ചക്കാട്, പാടി, നടുകിൽ, പണിക്കരുകോളനി, കുരുമുളകു കാട്, പുത്തൻമഠത്തിൽ കോളനി, അയ്യപ്പൻകുന്നു കോളനി, മരുതോറക്കുന്ന് എസ്സി കോളനി, നെല്ലിക്കാപൊയിൽ അംബേദ്കർ കോളനി, പൂവത്തിരി എസ്സി കോളനി, കേളോത്ത്, ചെമ്പംപറ്റ, കൂമുള്ളംകണ്ടത്ത് പ്രദേശത്തുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുടിവെള്ളമുണ്ടെന്നു ജല അതോറിറ്റി തന്നെ സാക്ഷ്യപ്പെടുത്തിയ പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ഈ ദുർഗതി. 38 മണിക്കൂർ തുടർച്ചയായി വെള്ളം പമ്പ് ചെയ്തിട്ടും വറ്റാത്തതെന്ന പ്രത്യേതകതയും ഈ കുഴൽക്കിണറിനുണ്ട്. എന്നിട്ടും കുടിവെള്ളം കിട്ടാനില്ല. വെള്ളം ഇല്ലെങ്കിലും ജല അതോറിറ്റിക്ക് ഇപ്പോഴും ഈ കുടുംബങ്ങൾ പണം അടയ്ക്കണം.







