മുക്കം ടൗൺ സൗന്ദര്യവൽക്കരണം; റോഡ് ഉയരം കൂട്ടുന്നതിൽ പരാതി ഉയർന്നു

മുക്കം : നിലവിൽ ഉയരം കൂടിയ ഭാഗത്ത് റോഡ് വീണ്ടും ഒരു മീറ്ററോളം ഉയരത്തിൽ പൊക്കുന്നു. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള റോഡ് നവീകരണ പ്രവൃത്തിക്കെതിരെ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ വ്യാപകമായ പരാതി ഉയർന്നു. നിലവിൽ സാമാന്യം ഉയരം കൂടിയ ഭാഗമായ അഭിലാഷ് ജംക്‌ഷൻ മുതൽ കാരശ്ശേരി സഹകരണ ബാങ്ക് ഹെഡ് ഓഫിസ് പ്രവർത്തിക്കുന്ന ബൈപാസ് വരെയാണ് റോഡ് ഒരു മീറ്ററോളം പൊക്കി നിർമിക്കുന്നത്.
റോഡ് ഉയർത്തുന്നത് ഒട്ടുമിക്ക കടകളെയും കാരശ്ശേരി ബാങ്കിനെയും സാരമായി ബാധിക്കും. ശക്തമായ മഴ പെയ്താൽ കടകളിലേക്കും ബാങ്കിലും വെള്ളമെത്തുന്ന അവസ്ഥയായിരിക്കുമെന്ന് കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാനും മുക്കം സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബി.പി.റഷീദും ചൂണ്ടിക്കാട്ടുന്നു. പരാതിയെ തുടർന്ന് ലിന്റോ ജോസഫ് എംഎൽഎ പ്രവൃത്തി പരിശോധിക്കാനെത്തിയതായി ബാങ്ക് അധികൃതർ പറയുന്നു.
മുക്കം ടൗണിലെ 600 മീറ്റർ സൗന്ദര്യവൽക്കരണത്തിന് 7.5 കോടി രൂപയാണ് അനുവദിച്ചത്. ഒന്നര വർഷം മുൻപാണ് പണി ആരംഭിച്ചത്. പൊടിശല്യത്തിൽ കടക്കാരും യാത്രക്കാരും ദുരിതം പേറുകയാണ്. വ്യാപാരി സംഘടനകൾ സമരവുമായി രംഗത്തുണ്ട്. മരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് വ്യാപാരികൾ അടക്കമുള്ളവർ.







