Mukkam

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസ്: പ്രതികളെയെത്തിച്ച് തെളിവെടുത്തു

മുക്കം : മുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷത്തോളംരൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മാട്ടുമുറി സ്വദേശിയും ദളിത് കോൺഗ്രസ് ജില്ലാ മുൻ സെക്രട്ടറിയുമായ വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് കുമാർ എന്നിവരെയാണ് കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും വിഷ്ണുവിന്റെ മാട്ടുമുറിയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പെരുമണ്ണ സഹകരണബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ പിടിയിലായ ഇവർ കോഴിക്കോട് ജയിലിൽ റിമാൻഡിലായിരുന്നു. ഉച്ചയോടെ പ്രതികളുമായി മുക്കം സ്റ്റേഷനിലെത്തിയ പോലീസ് മൂന്ന് മണിയോടെയാണ് ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിലെത്തിയത്. ബാങ്ക് ജീവനക്കാർ വിഷ്ണുവിനെയും സന്തോഷ് കുമാറിനെയും തിരിച്ചറിഞ്ഞു.

തുടർന്ന് മാട്ടുമുറിയിലെ വിഷ്ണുവിന്റെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. വീട്ടിനുള്ളിൽ തിരച്ചിൽ നടത്തിയ അന്വേഷണസംഘത്തിന് തൊണ്ടിമുതലൊന്നും കണ്ടെത്താനായില്ല. അതേസമയം, വിഷ്ണുവിന് ഇത്തരത്തിൽ മുക്കുപണ്ടം നൽകുന്നത് കൊണ്ടോട്ടി സ്വദേശിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കൊണ്ടോട്ടിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. വിഷ്ണു മുക്കുപണ്ടം പണയപ്പെടുത്തിയ കാർഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിൽ ശനിയാഴ്ച തെളിവെടുപ്പ് നടത്തും. പ്രതികളെ ശനിയാഴ്ച വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു.

Related Articles

Leave a Reply

Back to top button