AnakkampoyilThiruvambady

മുത്തപ്പൻപുഴ; മറിപ്പുഴയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സർവേ കല്ല് വനം വകുപ്പ് കൃഷിയിടത്തിലേക്ക് മാറ്റിയെന്ന് പരാതി

തിരുവമ്പാടി: മുത്തപ്പൻപുഴ മറിപ്പുഴയ്ക്ക് സമീപത്തെ മൈനാവളവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ സർവേ കല്ല് ഉടമയുടെ അനുവാദം ഇല്ലാതെ വനം വകുപ്പ് കൃഷിയിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതായി പരാതി. കുറമ്പാലക്കാട്ട് ഷിബു ജോസിന്റെ കൃഷിയിടത്തിലേക്ക് ആണ് സർവേ കല്ല് മാറ്റി സ്ഥാപിച്ചത്. നേരത്തെ വനം വകുപ്പ് സ്ഥാപിച്ച കല്ല് തന്നെയാണ് വീണ്ടും മാറ്റി സ്ഥാപിച്ചത്.

മുത്തപ്പൻപുഴ– മറിപ്പുഴ ഭാഗത്ത് വനം വകുപ്പും കർഷകരും ആയുള്ള അതിർത്തി തർക്കം ഏറെ നാളായി നിലനിൽക്കുന്നതാണ്. റവന്യുവകുപ്പ് 64 ൽ ആരംഭിച്ച സർവേ 71ൽ ആണ് പൂർത്തീകരിച്ചത്. എന്നാൽ ഇന്നും ആ സർവേ നോട്ട് ഫൈനൽ ആയി നിലനിൽക്കുക ആണ്. 78ൽ ആണ് വനം വകുപ്പ് സർവേ ആരംഭിച്ചത്. പുഴ തീരത്ത് നിന്ന് 50 മീറ്റർ വരെ കൃഷിയിടത്തിലേക്ക് കയറ്റി ആണ് അന്ന് അവർ കല്ല് ഇട്ടത്. ഈ ദൂരം പുഴ പുറമ്പോക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സർവേ കല്ല് ആണ് മുന്നറിയിപ്പ് ഇല്ലാതെ ഉടമയെ പോലും അറിയിക്കാതെ വനം വകുപ്പ് മാറ്റി സ്ഥാപിച്ചത്.

ജനങ്ങളുടെ പരാതിയെ തുടർന്ന് മുത്തപ്പൻപുഴ ചേർന്ന കലക്ടർ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ ഇനി വനം വകുപ്പും റവന്യു വകുപ്പും ചേർന്നുള്ള സംയുക്ത സർവേക്ക് ശേഷമേ തുടർ നടപടി ഉണ്ടാകു എന്നറിയിച്ചതാണ്. തിരുവമ്പാടിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും സംയുക്ത സർവേക്ക് ശേഷം മാത്രം തുടർനടപടി എന്ന് അംഗീകരിച്ചതാണ്. വനം വകുപ്പ് ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് പ്രദേശത്തെ സ്വൈരജീവിതം തകർക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. ഇതിന് പരിഹാരം ഉണ്ടാക്കുവാൻ അധികൃതർ തയാറാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Back to top button