തകർച്ചയിൽനിന്ന് മോചനമില്ലാതെ തോട്ടുമുക്കം; ഫാത്തിമ എസ്റ്റേറ്റ് റോഡ്

തോട്ടുമുക്കം : മഴക്കാലത്ത് തോട്ടുമുക്കം -പാറത്തോട് -ഫാത്തിമ എസ്റ്റേറ്റ് പി.ഡബ്ല്യു.ഡി റോഡ് തകർന്ന് ഗതാഗതത്തിന് ഭീഷണിയാകുന്നത് വർഷങ്ങളായി പതിവാണ്. മലവെള്ളവും ഉറവയും വലിയതോതിൽ ഉണ്ടാവുന്ന റോഡിന് വെള്ളം ഒഴുക്കിവിടാൻവേണ്ടത്ര ഓവുചാലുകളും കലുങ്കുകളും ഇല്ല. ചില ഭാഗത്തുള്ളവ കാര്യമായി പ്രയോജനപ്പെടാത്ത അവസ്ഥയിലുമാണ്. കാരശ്ശേരി – കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതും പ്രദേശത്തെ ഏറ്റവും ഉയരംകൂടിയതുമായ മൈസൂർമല കയറിയിറങ്ങുന്ന മലമ്പാതയാണിത്. മൈസൂർമലയുടെ മുകളിൽനിന്ന് ഇരുഭാഗത്തേക്കും കിഴുക്കാംതൂക്കായ ഇറക്കമാണ്. ഹെയർപിൻ അടക്കമുള്ള കൊടുംവളവുകളും ഇറക്കവുമുള്ള റൂട്ടിൽ സാധാരണ വാഹനഗതാഗതംതന്നെ അപായ സാധ്യതയുള്ളതാണ്. റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടതും വശങ്ങൾ ഇടിഞ്ഞുകിടക്കുന്നതും അപായസാധ്യത വർധിപ്പിക്കുന്നു.
റോഡ് ടാറിങ്പ്രവൃത്തി പൂർത്തിയാകാതെ നിലച്ച അവസ്ഥയിലുമാണ്. രണ്ടുവർഷംമുൻപ് മൈസൂർ മലയിൽ 25 മീറ്ററോളം നീളത്തിൽ റോഡിന്റെ വശം ഇടിഞ്ഞുതാഴ്‌ന്നതിനെത്തുടർന്ന് ഒരുവർഷത്തോളം ബസ്സടക്കം വലിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചിരുന്നു. കഴിഞ്ഞവർഷം ലിന്റോ ജോസഫ് എം.എൽ.എ. മുൻകൈയെടുത്താണ് ഇവിടം നന്നാക്കിയത്. മഴക്കാലമാകുന്നതോടെ റോഡിൽ ഉറവ പ്രത്യക്ഷപ്പെടുകയും പുഴപോലെ ഒഴുക്കും തുടങ്ങും. മലവെള്ളവും റോഡിൽ പരന്നൊഴുകും.
ഇതോടെ റോഡിന്റെ വശങ്ങൾ ഇടിച്ചിൽഭീഷണിയിലുമാകും. വാഹനയാത്രയും കൂടുതൽ പ്രയാസമാകും. തോട്ടുമുക്കം ജുമാമസ്ജിദ് ജങ്‌ഷൻമുതൽ നടൂപ്പറമ്പ് ബസ്‌സ്റ്റോപ്പിനുസമീപംവരെ പുതിയതായി ഓവുചാൽ നിർമിച്ചിട്ടുണ്ട്. ഇതും വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അഴുക്കുചാൽ തീരെയില്ലാത്ത താഴെതരിയോട് ഭാഗത്ത് റോഡിലൂടെ ഉറവ ഉൾപ്പെടെ പതഞ്ഞൊഴുകി റോഡിന്റെ വശങ്ങൾ ഇടിഞ്ഞുനശിക്കുകയാണ്. തരിയോടുമുതൽ മുണ്ടയിൽവരെ ഇതുതന്നെയാണ് അവസ്ഥ. തരിയോടുഭാഗത്തു റോഡ് ഒരുവശം താഴ്ന്നുപോകുകയുംചെയ്തു.
മേലെ തരിയോട് ബസ്‌സ്റ്റോപ്പിനുസമീപമുള്ള കലുങ്കിനുള്ളിൽ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പ്ലാസ്റ്റിക് കുപ്പികളടക്കം മാലിന്യം അടിഞ്ഞുകൂടി കലുങ്കടഞ്ഞതാണ് കാരണം. ഇവിടെ വെള്ളം കവിഞ്ഞൊഴുകി സമീപത്തുള്ള കൃഷിയിടങ്ങൾക്കും ഭീഷണിയാണ്. ഒരു കർഷകന്റെ കൃഷിയിടം ഇടിഞ്ഞ് വൻനാശനഷ്ടം ഉണ്ടായിട്ടുണ്ട്. മുണ്ടയിൽഭാഗത്തും മങ്കുഴിപാലംമുതൽ പാറത്തോട് ക്രിസ്ത്യൻപള്ളി വരെയും ഇതാണ് അവസ്ഥ. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര കുടിയേറ്റ ആദിവാസി മേഖലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയാണ് നാശംനേരിടുന്നത്. പാറത്തോടുമുതൽ താഴെ തരിയോടുവരെ അഴുക്കുചാൽ നിർമിക്കാനും റോഡിൽ നിലച്ചുകിടക്കുന്ന ടാറിങ് പ്രവൃത്തികൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കാനും നടപടി ഉടനെ കൈക്കൊള്ളുകയും വേണമെന്ന് തോട്ടുമുക്കം മലയോരമേഖല കെ.എസ്.ആർ.ടി.സി.ഫോറം പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മലയോരമേഖലാ ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ പൊതുമരാമത്തുമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.







