Local

ഇഴഞ്ഞുനീങ്ങി കോടികളുടെ റോഡ് നവീകരണ പ്രവൃത്തി

മുക്കം : റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ ലക്ഷങ്ങൾ കെ.എസ്.ഇ.ബി.യിൽ കെട്ടിവെച്ച് രണ്ടുമാസം പിന്നിട്ടിട്ടും തുടർനടപടി ഇല്ലാതായതോടെ റോഡ് നവീകരണം പാതിവഴിയിൽ. കിലോമീറ്ററിന് അഞ്ചുകോടിയോളംരൂപ ചെലവിൽ നവീകരിക്കുന്ന മണാശ്ശേരി-ചുള്ളിക്കാപറമ്പ് റോഡിന്റെ പ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങുന്നത്.

വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ 75 ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചതായി പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നു. നവീകരണത്തിന്റെ ഭാഗമായി റോഡ് പലഭാഗത്തും ഒന്നരമീറ്ററോളം ഉയർത്തുന്നുണ്ട്. വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാതെ റോഡുകൾ ഉയർത്തിയാൽ ഉയരമുള്ള വാഹനങ്ങൾ വൈദ്യുതി കമ്പിയിൽ തട്ടി അപകടമുണ്ടാവാൻ സാധ്യത ഏറെയാണെന്ന് അധികൃതർ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പലയിടത്തും റോഡ് ഉയർത്തുന്ന പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. വൈദ്യുതത്തൂണുകൾ തടസ്സമായി നിൽക്കുന്നതിനാൽ ഒട്ടേറെസ്ഥലങ്ങളിൽ ഓവുചാൽ നിർമാണവും നിർത്തിവെച്ച അവസ്ഥയാണ്.

റോഡ് ഉയർത്തുന്ന ഭാഗങ്ങളിൽ കരിങ്കല്ലുകൊണ്ട് കെട്ടാൻ കുഴിയെടുത്തിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന ഇത്തരം കുഴികൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button