വഴിയോര വിശ്രമകേന്ദ്രം നിർമാണം തുടങ്ങുന്നു

മുക്കം : കോടതിവിധിയെത്തുടർന്ന് നിർമാണംനിലച്ച മുക്കത്തെ വഴിയോര വിശ്രമകേന്ദ്രം സമീപത്തുതന്നെയായി മറ്റൊരുസ്ഥലത്തേക്കു മാറ്റിനിർമിക്കുന്നു. മുക്കം അഗ്നിരക്ഷാനിലയത്തിന് സമീപം ബ്രിട്ടീഷ് പാലത്തോട് ചേർന്ന് സംസ്ഥാനപാതയോരത്താണ് വിശ്രമകേന്ദ്രം നിർമിക്കുക. സ്കെച്ച് ഉൾപ്പെടെ തയ്യാറാക്കിയ നഗരസഭാധികൃതർ അന്തിമാനുമതിക്കായി കളക്ടർക്ക് അപേക്ഷ നൽകി. ഈയാഴ്ചതന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളക്ടറുടെ അനുമതി ലഭിച്ചാലുടൻ നിർമാണപ്രവൃത്തി തുടങ്ങും.
സ്വച്ഛ് ഭാരത് മിഷനിൽനിന്ന് ലഭിക്കുന്ന 20 ലക്ഷം രൂപ ചെലവിലാണ് വിശ്രമകേന്ദ്രം നിർമിക്കുക. രണ്ടുനിലകളുള്ള കെട്ടിടത്തിൽ ടെലിവിഷനും എ.സി.യും മൊബൈൽചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുവീതവും ഭിന്നശേഷിക്കാർക്ക് ഒരു ശൗചാലയവും കെട്ടിടത്തിലുണ്ടാകും. കൂടാതെ, ലഘുഭക്ഷണങ്ങൾ ലഭ്യമാക്കാൻ കഫ്തീരിയ സൗകര്യവും ഉണ്ടാകും.
രണ്ടുവർഷംമുമ്പ് മുക്കം അഗ്നിരക്ഷാനിലയത്തിന് എതിർവശത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയിരുന്നു. എന്നാൽ, വഴി തടസ്സപ്പെടുത്തി വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നു എന്നുപറഞ്ഞ് സമീപവാസി ഹൈക്കോടതിയെ സമീപിച്ചു. രണ്ടുവർഷം നീണ്ടുനിന്ന നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ ഇവിടെ വഴിയോര വിശ്രമകേന്ദ്രം നിർമിക്കരുതെന്ന് ഹൈക്കോടതി വിധിച്ചു.
സ്വകാര്യ മെഡിക്കൽ കോളേജടക്കം ധാരാളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്ന മുക്കത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെപ്പേരാണ് ദൂരസ്ഥലങ്ങളിൽനിന്നു വരുന്നത്. പ്രദേശത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ വിവിധ മത്സരപ്പരീക്ഷകളുടെ കേന്ദ്രംകൂടിയാണ്.






