Adivaram

പ്രവാസികൾ കേരളത്തിൻറെ നട്ടെല്ല്;മന്ത്രി അഹ്മദ് ദേവർകോവിൽ

അടിവാരം: പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് തുറമുഖം മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. മർകസ് നോളജ് സിറ്റിയിൽ ഗ്ലോബൽ എൻ ആർ ഐ സംഗമങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെയും രാജ്യത്തിന്റെയുമെല്ലാം സാമ്പത്തിക മേഖലക്ക് പ്രവാസികൾ നൽകുന്ന സംഭാവനകൾ വലുതാണ്. സംസ്ഥാന ജി ഡി പിയുടെ 35 ശതമാനവും പ്രവാസികളുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യത്ത് കൂടുതൽ സ്റ്റാർട്ടപ്പുകൾ വരുന്നത് കേരളത്തിലാണ്. പ്രവാസികൾക്ക് ഇതിൽ ഏറെ പങ്കുണ്ട്. എല്ലാ പ്രവാസികളും കേരളത്തിൽ തന്നെ നിക്ഷേപിക്കാൻ തയ്യാറാകണം. അത് നമ്മുടെ കേരളത്തെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കും. ഗൾഫ് പ്രവാസികൾ കേരളത്തിൽ തന്നെ നിക്ഷേപിക്കാൻ മുൻകൈയെടുക്കുന്നു എന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് ഗ്ലോബൽ എൻ ആർ ഐ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടമായി സഊദി അറേബ്യയിൽ നിന്നുള്ള പ്രവാസി പ്രതിനിധികളാണ് സംഗമിച്ചത്. ഏറെ കാലത്തെ പ്രവാസാനുഭവമുള്ള മലയാളിയുടെ കഴിവും വൈദഗ്‌ധ്യവും മികച്ച ആശയങ്ങളും കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക വികസനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനുള്ള മാർഗങ്ങൾ സംഗമം ചർച്ച ചെയ്തു. നോളജ് സിറ്റിയുടെ വിവിധ പദ്ധതികളിൽ ഭാഗമായ സഊദി പ്രവാസി സംഘടനകളായ മർകസ് സഊദി ചാപ്റ്റർ കമ്മറ്റി, ഐ സി എഫ്, ആർ എസ് സി, കെ സി എഫ് തുടങ്ങിയവയെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ മർകസ് ജനറൽ ഡയറക്ടർ സി മുഹമ്മദ് ഫൈസി അധ്യക്ഷനായിയുന്നു. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.എ പി അബ്ദുൽ ഹകിം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഉബൈദ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ, സയ്യിദ് ഹബീബ് ജിദ്ദ, അഡ്വ.തൻവീർ, ഡോ.അബ്ദുസ്സലാം, അശ്റഫ് കൊടിയത്തൂർ, ബാവ ഹാജി കൂമണ്ണ, അബ്ദുൽ ഗഫൂർ വാഴക്കാട് സംബന്ധിച്ചു. വരും ആഴ്ചകളിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സംഗമങ്ങളുമുണ്ടാകും.

Related Articles

Leave a Reply

Back to top button