തിരുവമ്പാടി ടൗണിനെ ഹരിതാഭമാക്കാൻ സേക്രഡ് ഹാർട്ട് എച്ച്.എസ് നല്ലപാഠം ക്ലബ്

തിരുവമ്പാടി: തിരക്കേറിയ തിരുവമ്പാടി ടൗണിനെ കൂടുതൽ സൗന്ദര്യമണിയിച്ച് ഹരിതാഭമാക്കുകയാണ് സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിലെ നല്ല പാഠം ക്ലബ്. സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ പൂച്ചട്ടികൾ തിരുവമ്പാടിയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ ഉടനീളം സ്ഥാപിച്ച് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന പുതുതലമുറയ്ക്ക് അന്യമാവുന്ന പ്രകൃതി സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ നല്ലപാഠം ക്ലബ്ബ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികൾ ചെടിച്ചട്ടിയിലാക്കി സ്കൂളിൽ തന്നെ പരിപാലിച്ച് ഒരുക്കി നൽകുകയായിരുന്നു. പൂച്ചെടികളുടെ തുടർന്നുള്ള പരിപാലന ചുമതല വ്യാപാരികൾ ഏറ്റെടുക്കും.
സ്കൂൾ മാനേജർ ഫാ.തോമസ് നാഗാപറമ്പിൽ ആധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ തോമസ് ചെടിച്ചട്ടികൾ കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, സ്‌കൂൾ അധ്യാപകരായ ടിയാര സൈമൺ, ലിറ്റി, ഗ്ലാടി സിറിൽ, അമല വർഗീസ്, വ്യാപാരി വ്യവസായി സെക്രട്ടറി ബാലകൃഷ്ണൻ, ഡോ.ബെസ്റ്റി, കെ.ടി സെബാസ്ട്യൻ, ജോഫി അലക്സ്, വിദ്യാർത്ഥികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.







