മണാശ്ശേരി ഗവണ്മെന്റ് യു.പി സ്‌കൂളിൽ അറിവുത്സവം നടന്നു

മുക്കം: മണാശ്ശേരി ഗവണ്മെന്റ് യു.പി സ്‌കൂളിൽ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അറിവുത്സവം വേറിട്ട അനുഭവമായി. തൊട്ടും കണ്ടും രുചിച്ചും ആടിയും പാടിയും കുട്ടികളുടെ അറിവിനെ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സെറ്റിമ സെറ്റിമ സാ’ എന്ന പേരിൽ അറിവുത്സവം സംഘടിപ്പിച്ചത്. പ്രീ സ്‌കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ നേടിയ അറിവുകളുടെ ആകെത്തുക വിദ്യാർത്ഥികൾക്ക് സ്വയം ബോധ്യപ്പെടുവാനും അവ നാടിനെയും രക്ഷിതാക്കളെയും അറിയിക്കുവാനും അവസരമൊരുക്കുന്ന തരത്തിലാണ് പരിപാടി ആവിഷ്കരിച്ചത്.
കലാപരമായ ആശയങ്ങളിലൂന്നി നിർമ്മിച്ച വ്യത്യസ്തതയാർന്ന സ്റ്റാളുകൾ വിദ്യാർത്ഥികളും രക്ഷിതാക്കളും സന്ദർശിച്ച് അധ്യാപകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തത്. അഞ്ച് സ്റ്റാളുകളിൽ പഞ്ചേന്ദ്രിയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും അഞ്ച് സ്റ്റാളുകളിൽ വികാസ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഒരുക്കി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് ഓരോ കൗണ്ടറുകളിലും പ്രത്യേക സമ്മാനങ്ങൾ ഒരുക്കി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
പരിപാടിയുടെ ലക്ഷ്യങ്ങൾ കൂടുതൽ കൃത്യതയോടെ കൈവരിക്കുന്നതിനായി ചോദ്യകർത്താക്കളായി മറ്റ് സ്‌കൂളുകളിലെ അധ്യാപകരെയാണ് കണ്ടെത്തിയത്. പരിപാടിക്കെത്തിയ 98 ശതമാനം കുട്ടികളും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കിയെന്നത് ഏറെ സന്തോഷം പകരുന്നതാണെന്ന് അധ്യാപകർ പറഞ്ഞു. തീർത്തും വ്യത്യസ്തമായി ഒരുക്കിയ അറിവുത്സവം ലക്‌ഷ്യം കണ്ടു എന്ന് തന്നെയാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്. മണാശ്ശേരി ഗവണ്മെന്റ് യു.പി സ്‌കൂൾ നേരത്തെയും ഇത്തരം വ്യത്യസ്ത പരിപാടികൾ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്.







