കൊടിയത്തൂർ ജി.എം യു.പി സ്കൂൾ വാർഷികാഘോഷ പരിപാടികൾക്ക് ഫെബ്രുവരി 23ന് തുടക്കമാവും

കൊടിയത്തൂർ: മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ കൊടിയത്തൂർ ജി.എം യു.പി സ്കൂളിന്റെ നൂറ്റിപതിമൂന്നാം വാർഷികാഘോഷ പരിപാടികൾ ഫെബ്രുവരി 23ന് ആരംഭിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ വളപ്പിൽ അബ്ദുൽ റഷീദിന് ചടങ്ങിൽ യാത്രയയപ്പ് നൽകും.
തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നദീറ അരയങ്കോട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ മാസ്റ്റർ, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓംകാര നാഥൻ, മാവൂർ ബി.പി.സി പി.കെ മനോജ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വാർഷികാഘോഷത്തോടനുബന്ധിച്ച് ഗിരീഷ് ആംബ്രയും സംഘവും അവതരിപ്പിക്കുന്ന നാട്ടരംങ്ങ് നാടൻ കലാവിരുന്ന് അരങ്ങേറും. രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സെമിനാറുകൾ, ചലചിത്രമേള, പ്രശ്നോത്തരി മത്സരം, ഉപജില്ല ഫുട്ബോൾ മത്സരം, ഭക്ഷ്യമേള പരിസ്ഥിതി പഠന ക്യാമ്പ്, ചരിത്ര ഗവേഷണ യാത്ര, ശാസ്ത്ര പ്രദർശനം, മാഗസിൻ പ്രകാശനം, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. മാർച്ച് 7ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രാദേശിക ചരിത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ ‘കിസ്സ’ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറും.







