വേനൽ കടുത്തിട്ടും ഉപയോഗസൂന്യമായി മുറംപാത്തിയിലെ പൊതുകുളം

കോടഞ്ചേരി: വേനൽ കടുത്ത് ജലക്ഷാമം പരിഹരിക്കാൻ നെട്ടോട്ടമോടുമ്പോൾ മണ്ണിടിഞ്ഞ് കാടുകയറി നശിച്ച് കോടഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുറുമ്പാത്തിയിലെ ജലസമൃദ്ധമായ പൊതുകുളം. അരിക് കെട്ടാത്തതിനെ തുടർന്നാണ് മണ്ണിടിഞ്ഞ് പൊതുകുളം ഉപയോഗശൂന്യമായിരിക്കുന്നത്. മലകളാൽ ചുറ്റപ്പെട്ട ജലസമൃദ്ധമായ പ്രദേശത്ത് പൊതുകുളമെന്ന ആശയം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുൻപോട്ട് വെച്ചപ്പോൾ പൊതുപ്രവർത്തകനായ സോണി സൗജന്യമായി വിട്ടുനൽകിയ രണ്ടര സെന്റ് സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുളമാണ് ആറുവർഷമായി ഉപയോഗപ്പെടുത്താതെ നശിക്കുന്നത്.
കുളത്തിന്റെ അരിക് കെട്ടി സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന് മറുപടിയാണ് ലഭിച്ചതെന്ന് സോണി പറയുന്നു. അതേസമയം നിർമ്മാണ സ്ഥലത്തേക്ക് സാമഗ്രികൾ എത്തിക്കാൻ തടസ്സം നേരിട്ടതിനാലാണ് കുളത്തിന്റെ പ്രവർത്തി മുടങ്ങിയതെന്നും തടസ്സം മാറുന്ന മുറയ്ക്ക് പദ്ധതി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.







