ടെറസിൽ കൃഷി വിസ്മയമൊരുക്കി വേനപ്പാറയിൽ നാലാം ക്ലാസ് വിദ്യാർത്ഥി

കോടഞ്ചേരി: വീടിന്റെ ടെറസിൽ പൂർണമായും ജൈവരീതിയിൽ കൃഷി വിസ്മയമൊരുക്കി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി സനഈൻ. പയർ, തക്കാളി, സവാള, കാബേജ്, കോളിഫ്‌ളവർ, പച്ചമുളക്, വഴുതന, വെണ്ട, മല്ലിച്ചെപ്പ്, പൊതിന തുടങ്ങി വീട്ടിലേക്കാവശ്യമായ പതിനഞ്ചോളം ഇനം പച്ചക്കറികളും ചോളവും ഈ കുഞ്ഞു കർഷകന്റെ കൃഷിയിടത്തിലുണ്ട്. ‘വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും’ എന്ന സ്കൂളിലെ പദ്ധതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് അഞ്ചുമാസം മുൻപ് സനഈൻ മാതാപിതാക്കളുടെ സഹായത്തോടെ കൃഷിയാരംഭിച്ചത്.
വിളവെടുത്ത പച്ചക്കറികൾ വീട്ടാവശ്യത്തിനും മിച്ചമുള്ളവ അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകാനാണ് സനഈൻ തീരുമാനിച്ചിരിക്കുന്നത്. മകന്റെ കൃഷിയോടുള്ള താത്പര്യം തിരിച്ചറിഞ്ഞതോടെ പൂർണ പിന്തുണയുമായി മാതാപിതാക്കളും രംഗത്തുണ്ട്. സ്‌കൂളിലെ ഏറ്റവും മികച്ച കുട്ടിക്കർഷകനായി സനഈൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൃഷിയുടെ വിളവെടുപ്പ് സ്‌കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ ജിജോ തോമസ്, അധ്യാപകരായ വി.എം ഫൈസൽ, അഞ്ജു മാത്യു, സൻഹ എന്നിവരും വിളവെടുപ്പിൽ പങ്കെടുത്തു.







