കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകന് സർക്കാർ സഹായധനം വൈകുന്നതിൽ കിഫ പ്രതിഷേധിച്ചു

തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വഴിക്കടവ് ചീങ്കല്ലേൽ ബെന്നി ജോസഫിന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ സഹായധനം ലഭിച്ചില്ല. ചികിത്സാസഹായമോ നഷ്ടപരിഹാരമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഭിന്നശേഷിക്കാരനായ ക്ഷീരകർഷകൻ. ചികിത്സാസഹായവും നഷ്ടപരിഹാരവും വൈകുന്നതിനെതിരെ ബെന്നിക്ക് നീതി ലഭ്യമാക്കണമെന്നാശ്യപ്പെട്ട് കിഫ വഴിക്കടവിൽ പ്രതിഷേധയോഗം ചേർന്നു. കുടുംബത്തിന് അടിയന്തര ചികിത്സാസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിൽ എ.ഡി.എമ്മിനെയും ഡി.എഫ്.ഒയെയും നേരിട്ട് സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നേതാക്കൾ പറഞ്ഞു.
എ.ഡി.എം നിർദേശിച്ച പ്രകാരം ജില്ലാ വനംവകുപ്പ് ഓഫീസറെ സമീപിച്ചപ്പോൾ നിലവിൽ ഫണ്ടില്ലെന്നും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ പറഞ്ഞ് മടക്കി അയക്കുകയാണുണ്ടായതെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയംഗം ഷെല്ലി ജോസ് തടത്തിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി എടത്തിൽ, സെക്രട്ടറി ബിനോയ് ജോർജ് പെരിഞ്ചല്ലൂർ, സിബി എട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു. ഇൻഫാം താമരശ്ശേരി രൂപത കാർഷിക ജില്ലാ ഭാരവാഹികൾ കർഷകനെ സന്ദർശിച്ചു. പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കക്കണ്ടത്തിൽ, ബോണി നമ്പ്യാപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.







