Mukkam
ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനപാത നവീകരണകരാർ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചു

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണപ്രവർത്തനങ്ങളിൽ ഓമശ്ശേരി അങ്ങാടിയോട് കെ.എസ്.ടി.പിയും കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷൻസും അവഗണന കാണിക്കുന്നുവെന്നാരോപിച്ച് ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ കരാർ കമ്പനിയുടെ സൈറ്റ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന പാതയോരത്തുനിന്ന് പ്രകടനമായെത്തിയാണ് കറുത്തപറമ്പിലെ ഓഫീസ് ഉപരോധിച്ചത്. ഭരണസമിതിയിലെ 18 അംഗങ്ങൾ സമരത്തിൽ പങ്കെടുത്തു.
ഉപരോധത്തെ തുടർന്നു നടത്തിയ ചർച്ചയിൽ ഈ മാസം 21ന് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ വെച്ച് ഡി.പി.ആർ സഹിതം ചർച്ച നടത്താമെന്നും എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് അബ്ദുനാസർ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്് ഫാത്തിമാ അബു അധ്യക്ഷത വഹിച്ചു.







