മുക്കത്ത് നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് സൗന്ദര്യവത്കരണം

മുക്കം: കോടികൾ മുടക്കി നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിച്ച് സൗന്ദര്യവത്കരണം. ഏഴര കോടിരൂപ ചെലവിൽ നവീകരിച്ച മുക്കം നഗരത്തിലെ റോഡുകളിലെ ടാറിങ്ങും അരികിലെ കൊരുപ്പു കട്ടകളുമാണ് തെരുവുവിളക്കുകൾ സ്ഥാപിക്കാനായി കുത്തിപ്പൊളിക്കുന്നത്. ആലിൻചുവട് മുതൽ അഭിലാഷ് ജങ്ഷൻവരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് മൂന്നിടത്താണ് കുത്തിപ്പൊളിച്ചത്. അഭിലാഷ് ജങ്ഷനിൽ എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് പാകിയ കൊരുപ്പുകട്ടകളും കുത്തിപ്പൊളിച്ചു. തെരുവുവിളക്കുകളുടെ കാലുകൾ സ്ഥാപിക്കാൻ ഒരുമീറ്ററോളം താഴ്ചയിൽ ഇവിടെ കുഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
നിർമാണത്തിലെ അശാസ്ത്രീയതയും സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയുമാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നവീകരിച്ച റോഡ് കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. മുക്കം പാലംമുതൽ അഭിലാഷ് ജങ്ഷൻവരെ സംസ്ഥാനപാതയിൽ പുല്ലു നട്ടുപിടിപ്പിച്ച മീഡിയൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നത് ലിന്റോ ജോസഫ് എം.എൽ.എ തടഞ്ഞിരുന്നു. ലൈറ്റുകൾ സ്ഥാപിക്കുന്നതിന് തന്നെയായിരുന്നു മീഡിയനും കുത്തിപ്പൊളിച്ചത്. ഇതിന് പിന്നാലെയാണ് റോഡും റോഡരികിൽ പാകിയ കൊരുപ്പു കട്ടകളും കുത്തിപ്പൊളിക്കുന്നത്. പി.ഡബ്ല്യു.ഡി.യുടെ ഇലക്ട്രിക്കൽ വിഭാഗത്തിനാണ് ലൈറ്റ് സ്ഥാപിക്കുന്ന ചുമതല.







