IndiaKerala

ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയ സമയത്ത് അനുവദിച്ച അധിക അരിക്കായി 206 കോടി രൂപ കേരളം നല്‍കണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ നല്‍കി. പ്രളയ ദുരിതത്തില്‍ കഴിയുന്ന കേരളത്തിന് ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 ടണ്‍ അരിയാണ് കേന്ദ്രം അധികമായി അനുവദിച്ചത്.

2018-ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വിലയാണ് നല്‍കേണ്ടത്. വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

പ്രളയകാലത്തു അധിക റേഷന്‍ അനുവദിച്ചത് എഫ്‌സിഐ മുഖേനയാണ്. ഇതിന്റെ വിലയായ 205.81 കോടി രൂപ ലഭിക്കുന്നതിനായി എഫ്‌സിഐ ആഭ്യന്തര മന്ത്രാലയത്തിന് ബില്‍ കൈമാറി. അത് ആഭ്യന്തര മന്ത്രാലയം കേരളത്തിന് അയച്ചതായി പാസ്വാന്‍ അറിയിച്ചു.

അതേസമയം, കേന്ദ്രത്തിന്റെ പിടിവാശിയാണിതെന്നും പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യ ധാന്യത്തിനടക്കമുള്ള തുക എഴുതിത്തള്ളില്ല എന്നും ഇത് കേരളം അടച്ചേ മതിയാകൂ എന്നുമുള്ള കേന്ദ്രത്തിന്റെ വാശി ദുരന്തമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളിയാണെന്നും എളമരം കരീം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button