ഓവുചാൽ നിർമാണത്തിലെ അപാകത; മുക്കം നഗരത്തിൽ വെള്ളക്കെട്ട്

മുക്കം: വൻതുക ചെലവഴിച്ച് സൗന്ദര്യവത്കരണ പ്രവൃത്തി പൂർത്തിയാക്കിയ മുക്കം നഗരത്തിൽ മഴപെയ്താൽ വെള്ളക്കെട്ട് അതിരൂക്ഷം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ കാരശ്ശേരി സഹകരണ ബാങ്കിന്റെ മുന്നിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. 7.5 കോടി മുടക്കി 6 മാസം മുമ്പാണ് നഗര സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. ചെറിയ മഴ പെയ്താൽപ്പോലും ഇവിടെ വെള്ളക്കെട്ടുണ്ടാകാറുണ്ടെന്നും ഇത് കാരശ്ശേരി ബാങ്കിലും സമീപത്തെ കടകളിലുമെത്തുന്ന ഉപഭോക്താക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.
സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും വെള്ളക്കെട്ട് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. 2 സ്കൂട്ടർ യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുകയും റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുകയും ചെയ്തു. പി.സി ജങ്ഷനിൽനിന്നും മുക്കം പാലത്തിന് അടുത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന് ഓവുചാലിലേക്ക് ഒഴുകാനുള്ള ദ്വാരങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു.
പ്രശ്നം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായില്ലെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ലിന്റോ ജോസഫ് എം.എൽ.എ കരാറുകാർക്ക് നിർദേശം നൽകി.







