കോവിഡ്-19 ന്റെ പേരില്‍ പണപ്പിരിവ്; എം.എസ്.എഫ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ എം.എസ്.എഫ് നേതാവ് അറസ്റ്റിൽ. എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ആസിഫ് കലാമിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ദുരിതത്തിലായവരെ സഹായിക്കാനെന്ന പേരിൽഇരുന്നൂറ്റമ്പതോളം ആളുകളുള്ള രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിലേക്ക് തന്റെ അക്കൗണ്ട് നമ്പർ കൊടുത്ത് പണപ്പിരിവ് നടത്തിയെന്നാണ് കേസ്.
കോളേജ് അധ്യാപകൻ കൂടിയായ ആസിഫിനെതിരെ ഐ.പി.സി നിയപ്രകാരം വഞ്ചനാകുറ്റത്തിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
രണ്ട് ലക്ഷം രൂപയോളം അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
എന്നാൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് മുതലെടുത്ത് പൊലീസിനെ ഉപയോഗിച്ചുള്ള വൃത്തികെട്ട രാഷ്ട്രീയ കളി തുടരുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്ന് കുറ്റ്യാടി എം.എൽ.എയും ലീഗ് നേതാവുമായ പാറക്കൽ അബ്ദുള്ള പ്രതികരിച്ചു.
വടകര റൂറൽ എസ്.പി പോലീസ് കാക്കിയാണോപാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത തുണിയാണോ ധരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







