Mukkam

ജീവനക്കാർ കൈപ്പറ്റിയ അധികശമ്പളം തിരിച്ചുപിടിക്കാൻ എൻ.ഐ.ടി

മുക്കം : ശമ്പളപരിഷ്കരണത്തിലൂടെ അനധ്യാപകജീവനക്കാർ കൈപ്പറ്റിയ അധികത്തുക തിരികെപ്പിടിക്കാൻ നടപടിക്കൊരുങ്ങി എൻ.ഐ.ടി. ജൂലായ്‌മുതൽ ഓരോ മാസവും നിശ്ചിതതുക അനധ്യാപകജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ച് വിരമിക്കുന്നതിന് മുൻപ് മുഴുവൻതുകയും തിരികെപ്പിടിക്കാനാണ് ശ്രമം. ജൂലായ്‌ മുതൽ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് തുക കുറച്ചശേഷം വിതരണം ചെയ്താൽ മതിയെന്ന് കഴിഞ്ഞദിവസം രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഓരോ ജീവനക്കാരനും മൂന്നുലക്ഷം രൂപമുതൽ 18 ലക്ഷം രൂപവരെ തിരിച്ചടയ്ക്കേണ്ടി വരും. ഇതോടെ എൻ.ഐ.ടി.യിലെ അനധ്യാപക ജീവനക്കാർ ആശങ്കയിലായി.

2023 മേയ് 25-നാണ് രജിസ്ട്രാർ ഇക്കാര്യം കാണിച്ച് ജീവനക്കാർക്ക് ആദ്യം സർക്കുലർ നൽകിയത്. തീരുമാനം നടപ്പാക്കിയാൽ റിട്ടയർചെയ്ത ജീവനക്കാർ അടക്കമുള്ളവർ രണ്ടുലക്ഷം മുതൽ 12 ലക്ഷം രൂപവരെ തിരിച്ചടയ്ക്കേണ്ടി വരും. നൂറ്റിമുപ്പതോളം ജീവനക്കാരിൽനിന്നായി രണ്ടരമുതൽ മൂന്നുകോടിയോളം രൂപ വരെ ഇത്തരത്തിൽ തിരികെ ലഭിക്കാനുണ്ടെന്നാണ് ഏകദേശ കണക്ക്. എൻ.ഐ.ടി.യിൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിൽ അപാകമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജീവനക്കാർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ അധികൃതർ ശ്രമംതുടങ്ങിയത്. റീജണൽ എൻജിനിയറിങ് കോളേജ് (ആർ.ഇ.സി.) ആയിരുന്ന സ്ഥാപനം 2002-ൽ അപ്ഗ്രേഡ് ചെയ്ത് എൻ.ഐ.ടി.യായി മാറിയെങ്കിലും ജീവനക്കാർക്ക് കേന്ദ്ര ശമ്പളസ്കെയിൽ അനുസരിച്ചുള്ള ശമ്പളപരിഷ്കരണവും സ്ഥാനക്കയറ്റവും നൽകിയിരുന്നില്ല.

ഇതിനെതിരേ ജീവനക്കാരുടെ സംഘടനകളും മറ്റും സമരം നടത്തുകയും അധികൃതരുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. തുടർന്ന് 2012 മുതൽ എട്ടാം ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശ അനുസരിച്ചുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകി. എന്നാൽ, 2021-ൽ ഇതുതെറ്റാണെന്ന് കണ്ടെത്തുകയും മുൻകാലപ്രാബല്യത്തോടെ കേന്ദ്ര ശമ്പളസ്കെയിൽ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന്, അധികമായി നൽകിയ ശമ്പളം തിരിച്ചടയ്ക്കാൻ എൻ.ഐ.ടി ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം തീരുമാനിക്കുകയും അധികത്തുക തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനധ്യാപകജീവനക്കാർക്ക് കത്ത് നൽകുകയും ചെയ്തു. അടുത്ത മാസം മുതൽ കുടിശ്ശികത്തുക പരമാവധി 50 മാസം തവണകളായി ജീവനക്കാരുടെ ശേഷിക്കുന്ന സർവീസ് കാലയളവിലെ ശമ്പളത്തിൽനിന്ന് ഈടാക്കാൻ സർക്കുലറിൽ പറയുന്നു. ഭൂരിപക്ഷം ജീവനക്കാർക്കും രണ്ടുമുതൽ നാലുവർഷം വരെയുള്ള സർവീസ് മാത്രമാണ് ശേഷിക്കുന്നത്. മാസത്തവണകളായി തുക ഈടാക്കിയാൽ ജോലി ചെയ്താലും ശമ്പളം കൈപ്പറ്റാൻ ഉണ്ടാകില്ലെന്നും ജീവിതം പ്രതിസന്ധിയിലാകുമെന്നും ജീവനക്കാർ പറയുന്നു. അധികൃതരുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് അനധ്യാപക ജീവനക്കാരുടെ തീരുമാനം.

Related Articles

Leave a Reply

Back to top button