തിരുവമ്പാടിയിൽ നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു

തിരുവമ്പാടി : ജീവനുഭീഷണിയായി അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം തുടരുന്നു. പുന്നക്കൽ അങ്ങാടിയിൽ രണ്ടുപേർക്ക് നായയുടെ കടിയേറ്റു. പേ ബാധിച്ച നായയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നായയെ നാട്ടുകാർ തല്ലിക്കൊന്നു. സമീപപ്രദേശമായ പുല്ലൂരാംപാറ പള്ളിപ്പടിയിലും രണ്ടുപേർക്ക് നായയുടെ കടിയേറ്റു. പ്രഭാതസവാരിക്കിറങ്ങിയവരെയാണ് കടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ടും പത്തും അതിലധികവും നായകളാണ് തിരുവമ്പാടി അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും സദാസമയവും ചുറ്റിക്കറങ്ങുന്നത്. വൈകുന്നേരങ്ങളിൽ കുട്ടികളെ കളിക്കാൻ പുറത്തുവിടാൻ കഴിയാത്ത അവസ്ഥയാണ്
വിദ്യാലയങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് പറഞ്ഞുവിടാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു. കുരച്ചുചാടുന്ന നായകളിൽനിന്നും രക്ഷതേടി കൈയിൽ സ്ഥിരമായി വടി കരുതേണ്ട സ്ഥിതിയാണെങ്ങും. ഇരുചക്രവാഹനങ്ങൾക്കുചുറ്റും വട്ടമിടുന്നത് പതിവുകാഴ്ചയാണ്. രാവിലെയും രാത്രിയുമാണ് പട്ടികളുടെ ശല്യം രൂക്ഷമാകുന്നത്. മഴക്കാലമെത്തിയതോടെയാണ് പ്രശ്നം സങ്കീർണമായത്.
നായശല്യത്തെക്കുറിച്ച് മാതൃഭൂമി കഴിഞ്ഞ ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തെരുവുനായകളുടെ ശല്യം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പ്രതികരിച്ചത്. നായകളെ പിടികൂടി പേ വിഷബാധയ്ക്കുള്ള കുത്തിവെപ്പും വന്ധ്യംകരണവുംചെയ്തു തിരിച്ചയക്കുന്ന സംവിധാനമാണ് നിലവിലുള്ളതെന്നും ആളുകളെ ഉപദ്രവിക്കുന്ന പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരംകാണാൻ പറ്റാത്ത സാഹചര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.







